കൊല്ലം.കാലാനുസൃതമായ മാറ്റത്തോടെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി മത്സ്യ വിപണനശൃംഖല ശക്തിപ്പെടുത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. നെടുമൺകാവിൽ നിർമ്മിക്കുന്ന ആധുനിക മത്സ്യ മാർക്കറ്റിന്റെയും വ്യാപാരസമുച്ചയത്തിന്റെയും ശിലാസ്ഥാപനവും നിർമാണോദ്ഘാടനവും
നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കൂടുതൽ ആധുനിക മത്സ്യമാർക്കറ്റുകളും വ്യാപാര സമുച്ചയങ്ങളും യാഥാർത്ഥ്യമാക്കി, മത്സ്യവിപണനശൃംഖല വിപുലീകരിക്കും. ഗുണമേന്മയുള്ള മത്സ്യം ലഭ്യമാക്കി മാർക്കറ്റുകൾ കൂടുതൽ ജനകീയമാകുമെന്നും പറഞ്ഞു.
5.02 കോടി രൂപ ചെലവഴിച്ചാണ് ഹൈടെക് മാർക്കറ്റും വ്യാപാര സമുച്ചയവും നിർമിക്കുക. മൂന്ന് നിലകളുള്ള കെട്ടിടം. രണ്ട് ബ്ലോക്കുകളായി 12304.675 ചതുരശ്ര അടി വിസ്തീർണമുണ്ടാകും.
ഒന്നാം ബ്ലോക്കിൽ താഴെ 12 കടമുറികളും ഒന്നാം നിലയിൽ മൂന്ന് ഓഫീസ് മുറികളും രണ്ടാം നിലയിൽ 250 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാളും ഓഫീസ് മുറിയും സജ്ജമാക്കും.
രണ്ടാം ബ്ലോക്കിൽ മത്സ്യമാർക്കറ്റ്, മത്സ്യവും മറ്റ് ഉത്പന്നങ്ങളും സൂക്ഷിക്കാൻ സെല്ലാർ സംവിധാനം, മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനുള്ള ചിൽ റൂം സംവിധാനം, മൂല്യ വർദ്ധിത ഉത്പന്നങ്ങളും മറ്റും ഒരുക്കുന്നതിനായി പ്രിപ്പറേഷൻ റൂം, ഗോഡൗൺ എന്നിവയാണുണ്ടാകുക.
ഡ്രെയിനേജ് സൗകര്യങ്ങൾ, ശുചിമുറികൾ, ചുറ്റുമതിൽ, ഗേറ്റ്, വൈദ്യുതീകരണം, മലിനജല സംസ്കരണ പ്ലാന്റ്, റീറ്റേയിനിംഗ് വാൾ, പാർക്കിംഗിനുള്ള ക്രമീകരണങ്ങൾ, വാട്ടർ ടാങ്കുകൾ തുടങ്ങിയ സൗകര്യങ്ങളും അനുബന്ധമായി ഒരുക്കും.
കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് പ്രശോഭ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ, വൈസ് പ്രസിഡന്റ് സുമലാൽ, ജില്ലാ പഞ്ചായത്ത് അംഗം പ്രിജി ശശിധരൻ,
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശിവപ്രസാദ്, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ എം.തങ്കപ്പൻ, എ. അഭിലാഷ്,
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓമനക്കുട്ടൻ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷർ, തീരദേശ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പി.ഐ ഷേയ്ക്ക് പരീത്, ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ – തൊഴിലുറപ്പ് – ഹരിതകർമ സേന അംഗങ്ങൾ, രാഷ്ട്രീയകക്ഷി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.