അവിചാരിത ദുരന്തത്തില്‍ പകച്ചുപോയ കുടുംബത്തിന് താങ്ങും തണലുമായി ,അനിൽ കുടുംബ സഹായ നിധി കൈമാറി

Advertisement

ശാസ്താംകോട്ട.ഒരു നാടും സുമനസുകളും ഒന്നിച്ചു കൈകോര്‍ത്തപ്പോള്‍ അവിചാരിത ദുരന്തത്തില്‍ പകച്ചുപോയ കുടുംബത്തിന് താങ്ങും തണലുമായി. ചുരുങ്ങിയ സമയത്തിനിടെ മാതൃകാപരമായപ്രവര്‍ത്തനമാണ് സമിതി കാഴ്ചവച്ചത്. ഒക്‌ടോബർ 18 ന് അന്തരിച്ച സിപിഐ എം വേങ്ങ ബ്രാഞ്ച് മുൻ സെക്രട്ടറി അനിലിൻറെ കുടുംബത്തെ സഹായിക്കുന്നതിനായി രൂപീകരിച്ച അനിൽ കുടുംബ സഹായസമിതി സ്വരൂപിച്ച ഫണ്ട് അനിലിൻറെ കുടുംബത്തിന് കൈമാറി. വേങ്ങ സ്വദേശാഭിമാനി ഗ്രന്ഥശാലയിൽ വച്ച് കുടുംബ സഹായ സമിതി ചെയർമാൻ പി അർജുനൻ ഐഎഎസിൻറെ അധ്യക്ഷതയിൽ നടന്ന യോഗം എംഎൽഎ കോവൂർ കുഞ്ഞുമോൻ ഉദ്‌ഘാടനം ചെയ്തു.

അനിലിൻറെ മക്കളായ വേദികയുടെയും വൈഖരിയുടെയും പേരിൽ നിക്ഷേപിച്ച സ്ഥിര നിക്ഷേപത്തിൻ്റെ സർട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ/ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ഡോ. പി കെ ഗോപൻ അനിലിൻറെ മക്കൾക്ക് കൈമാറി. അനിലിൻറെ പേരിലുള്ള വായ്പ തിരിച്ചടച്ച് ബാങ്കിൽ നിന്ന് തിരിച്ചടുത്ത പുരയിടത്തിൻ്റെ ആധാരം മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് പി. എം സൈദ് അനിലിൻറെ മാതാപിതാക്കളെ ഏല്പിച്ചു. കുടുംബസഹായ സമിതി കൺവീനർ ആർ തുളസീധരൻപിള്ള സ്വാഗതം പറഞ്ഞു. സമിതി വർക്കിങ് ചെയർമാൻ ആർ രാജശേഖര വാര്യർ കണക്ക് അവതരിപ്പിച്ചു.

ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ അൻസർ ഷാഫി, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ ടി മോഹനൻ , സഹകരണ ബാങ്ക് ഭരണ സമിതിയംഗം എൻ ഓമനക്കുട്ടൻ, എൻഎസ്സ്എസ്സ് കരയോഗം സെക്രട്ടറി സി മണിയൻപിള്ള, ഗ്രാമ പഞ്ചായത്തംഗം അഡ്വ അനിത അനീഷ് എന്നിവർ സംസാരിച്ചു. ജഹാംഗീർ ഷാ യോഗത്തിന് നന്ദി പറഞ്ഞു

Advertisement