നെടുവത്തൂർ പഞ്ചായത്തിൽ വയോധികയെ സെക്രട്ടറി മർദിച്ചതായി ആരോപണം,ആരോപണം നിഷേധിച്ചു സെക്രട്ടറി

Advertisement

കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ മതിൽ നിർമ്മാണ പെർമിറ്റ് സംബന്ധിച്ച് എത്തിയ വയോധികയെ സെക്രട്ടറി മർദ്ദിച്ചതായി പരാതി. കോട്ടാത്തല വാളാവിൽ വടക്കതിൽ കൃഷ്ണകുമാരി(65)യാണ് സെക്രട്ടറി മർദ്ദിച്ചെന്നാരോപിച്ച് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ കൃഷ്ണകുമാരി തന്നെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നു പറഞ്ഞു സെക്രട്ടറിയും പോലീസിൽ പരാതി നൽകി.

പുരയിടത്തിന് മതിൽ നിർമ്മാണത്തിനുള്ള പെർമിറ്റിനായി കൃഷ്ണകുമാരി അപേക്ഷ നൽകിയിരുന്നു. ഇതിനായി മൂന്നു മാസമായി ഇവർ പഞ്ചായത്തോഫീസിൽ കയറിയിറങ്ങുകയാണ്. എന്നാൽ ഗ്രാമ പഞ്ചായത്ത്‌ അനുമതി നൽകിയിട്ടില്ലാത്തതും റോഡ് കൈയേറി നിർമ്മാണം നടക്കുന്നതായി കാണുനെന്നും അനുമതി നൽകിയിട്ടില്ലാത്ത പക്ഷം പഞ്ചായത്ത്‌ ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പി ഡബ്ല്യൂ ഡി പഞ്ചായത്തിന് കത്ത് നൽകിയിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം പെർമിറ്റ് ആവശ്യപ്പെട്ട് സെക്രട്ടറിയെ ഉപരോധിക്കാൻ ശ്രമിച്ചു.

പഞ്ചായത്തിലെത്തിയ കൃഷ്ണകുമാരിയെ പഞ്ചായത്ത് സെക്രട്ടറി മർദ്ദിച്ചതായാണ് പരാതി കാബിനിൽ നിന്നും സെക്രട്ടറി പുറത്തിറങ്ങുന്നത് വാതിലടച്ച് തടയാൻ ശ്രമിച്ചെന്നും അപ്പോൾ തന്നെ കൈ വീശി മർദ്ദിക്കുകയായിരുന്നുവെന്നും കൃഷ്ണകുമാരി പറയുന്നു. എന്നാൽ ഒന്നര മണിക്കൂറോളം കൃഷ്ണകുമാരി കാബിനിൽ ഇരിക്കുകയായിരുന്നുവെന്നും പുറത്തേക്കിറങ്ങിയ തന്നെ കടന്നു പിടിച്ചപ്പോൾ കൈകൾ പിടിച്ചു മാറ്റുക മാത്രമാണ് ഉണ്ടായതെന്നും മർദ്ദിച്ചിട്ടില്ലെന്നും സെക്രട്ടറി എം.ജി.ബിനോയി പറയുന്നു. തുടർന്നും സെക്രട്ടറിയുടെ കാബിനിൽ കുത്തിയിരുന്ന കൃഷ്ണകുമാരിയെ പോലീസെത്തി അനുനയിപ്പിച്ച് പുറത്തിറക്കുകയായിരുന്നു.

പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും ജീവനക്കാരും ഓഫീസിലുണ്ടായിരുന്നപ്പോഴാണ് സംഭവം. പൊതുമരാമത്ത് റോഡിനോടു ചേർന്ന സ്ഥലമായതിനാൽ പി.ഡബ്ല്യു.ഡി.യുടെ അനുമതി ലഭിച്ചാലേ പെർമിറ്റ്് നൽകാൻ കഴിയൂ എന്ന് സെക്രട്ടറി പറയുന്നു. സെക്രട്ടറി മർദ്ദിക്കുന്നത് കണ്ടിട്ടില്ലെന്നും കൃഷ്ണകുമാരിയുടെ പരാതിക്ക് പരിഹാരം കാണുമെന്നും പ്രസിഡന്റ് ആർ.സത്യഭാമ പറഞ്ഞു. സെക്രട്ടറിയെ മർദ്ദിച്ചെന്നാരോപിച്ച് പഞ്ചായത്ത് ജീവനക്കാർ അര മണിക്കൂർ പണിമുടക്കി പ്രതിഷേധിച്ചു.

Advertisement