സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശം പോലീസ്നിഷേധിക്കരുത്,മനുഷ്യാവകാശ കമ്മീഷൻ

Advertisement

കൊല്ലം:സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശം പോലീസ് നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ.

 ഇത്തരം നടപടികൾ പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടാകരുതെന്നും കമ്മീഷൻ കർശനമായ താക്കീതു നൽകി. കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്.   


 രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ നിന്നും പിരിച്ചുവിട്ടവർ 2021 ഫെബ്രുവരി 10 ന് അദ്ദേഹത്തിന്റെ വീടിന് മുന്നിൽ സമരത്തിന് ശ്രമിച്ചപ്പോൾ അറസ്റ്റ് ചെയ്തതിനെതിരെ സമർപ്പിച്ച പരാതികൾ തീർപ്പാക്കികൊണ്ടാണ് ഉത്തരവ്.


 കൊല്ലം സിറ്റി പോലീസ് കമ്മീഷണറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.  രവി പിള്ളയുടെ  വീടിന് മുന്നിൽ കൂട്ടം കൂടി നിന്ന് സമാധാന ലംഘനം നടത്തിയതുകൊണ്ടാണ് സമരക്കാരെ അറസ്റ്റ് ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.  2022  ഒക്ടോബർ 21 ന് കൊല്ലത്ത് നടന്ന സിറ്റിംഗിൽ കമ്മീഷൻ പരാതിക്കാരെ കേട്ടു.  സമാധാനപരമായി സമരം നടത്താനുള്ള തങ്ങളുടെ അവകാശം ലംഘിക്കുകയും തീവ്രവാദ സംഘടനയിൽ പെട്ടവരെപോലെ തങ്ങളോട് പോലീസ് പെരുമാറിയെന്നും പരാതിക്കാർ കമ്മീഷനെ അറിയിച്ചു.


 തൊഴിൽ തർക്കവുമായി ബന്ധപെട്ട പ്രതിഷേധം എന്ന നിലയിൽ തൊഴിൽ തർക്കത്തിന്റെ സാധ്യത പരിശോധിക്കാൻ കമ്മീഷൻ മുതിർന്നില്ല.  എന്നാൽ ലഭ്യമായ രേഖകളിൽ നിന്നും സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശം കൊല്ലം ഈസ്റ്റ് പോലീസ് നിഷേധിച്ചതായി കമ്മീഷൻ കണ്ടെത്തി.  15 പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് തീർപ്പാക്കിയത്.
Advertisement