കൊല്ലം.സംസ്ഥാനത്ത് എല്ലാവർക്കും അടച്ചുറപ്പുള്ള വീട് ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. കൊല്ലം മുൻസിപ്പൽ കോർപ്പറേഷൻ മത്സ്യത്തൊഴിലാളികൾ അല്ലാത്ത 65 കുടുംബങ്ങൾക്ക് ലൈഫ് പി.എം.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ കുളിർമ ഫ്ലാറ്റ് സമുച്ചയത്തിലെ 48 വീടുകളുടെ ഉദ്ഘാടനവും താക്കോൽദാനവും പള്ളിത്തോട്ടം കുളിർമ ഫ്ലാറ്റ് സമുച്ചയ അങ്കണത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ലൈഫ് പദ്ധതിയിലൂടെ മാത്രം കേരളത്തിൽ 3,24,825 വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. ഈ വർഷത്തോടെ നാല് ലക്ഷം വീടുകൾ പൂർത്തിയാക്കുക എന്ന ലക്ഷ്യം സർക്കാർ കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായി. സ്വന്തമായി സ്ഥലവും വീടും ഇല്ലാത്തവർക്ക് ഇതിന് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി 10 ഏക്കറിലാണ് ഫ്ലാറ്റ് സമുച്ചയ നിർമ്മാണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മാതൃകാപരമായ പ്രവർത്തന കാഴ്ചവെക്കുന്ന കൊല്ലം കോർപ്പറേഷനെ രണ്ട് മന്ത്രിമാരും അഭിനന്ദിച്ചു. മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, കെ.എസ്.സി.എ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ പി.ഐ.ഷേയ്ക്ക് പരീത്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.