രോഗിസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ആർദ്രം മിഷന്റെ ലക്ഷ്യം: മന്ത്രി വീണ ജോർജ്

Advertisement

കൊട്ടാരക്കര . സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും മികച്ച ചികിത്സയും ലഭ്യമാക്കി രോഗിസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ആർദ്രം മിഷന്റെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

സ്പെഷ്യലിറ്റി ചികിത്സകൾ താലൂക്ക് ആശുപത്രി തലം മുതൽ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് താലൂക്ക് ആശുപത്രിയിൽ നിർമിക്കുന്ന 11 നിലകളിലുള്ള വാർഡ് ടവറും അഞ്ച് നിലകളിലുള്ള ഡയഗ്നോസ്റ്റിക് ബ്ലോക്കും സമയബന്ധിതമായി പൂർത്തിയാക്കും.

വാർഡ് ടവർ നിർമിക്കുന്നതിന് 38 സ്ഥലം കൂടി കണ്ടെത്തി സ്ഥലപരിമിതി പരിഹരിച്ചു. രോഗികൾക്ക് ആവശ്യമായ സേവനങ്ങൾ കൃത്യമായി ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പിൽ നിരവധി തസ്തികകൾ സൃഷ്ടിക്കാനായി. സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികൾക്കായി സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ അധ്യക്ഷനായി. എം. സി റോഡും കൊല്ലം – ചെങ്കോട്ട ദേശീയപാതയും സംഗമിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നഗരമാണ് കൊട്ടാരക്കര. അത് കൊണ്ട് തന്നെ മെച്ചപ്പെട്ട ആശുപത്രി സേവനം ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. ഇതിന്റെ ഭാഗമായാണ് സർക്കാർ മുൻകൈയെടുത്ത് കിഫ്‌ബി മുഖേന അത്യാധുനിക സൗകര്യങ്ങൾ താലൂക്ക് ആശുപത്രിയിൽ ഒരുക്കുന്നത്. ഇത്തരത്തിൽ മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കി സംസ്ഥാനത്തെ ആരോഗ്യ മേഖല രാജ്യത്തിന്‌ മാതൃകയാണ്. കേന്ദ്ര സർക്കാരിന്റെ നീതി ആയോഗിൽ ഒന്നാം സ്ഥാനത്താണ് നമ്മുടെ ആരോഗ്യ മേഖലയെന്നും അദ്ദേഹം പറഞ്ഞു.

4.15 കോടി രൂപ കിഫ്ബി ഫണ്ട് ചെലവഴിച്ചാണ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്‌ നിർമിച്ചത്. നാല് നിലകളിലായി 14,738 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിൽ ആശുപത്രി ജീവനക്കാർക്കുള്ള ഓഫീസ് മുറികൾ, കാന്റീൻ, റെക്കോർഡ് റൂം, ഡോക്ടർമാർക്കുള്ള ക്വാർട്ടേഴ്സുകൾ, മിനി ഓഡിറ്റോറിയം എന്നീ സൗകര്യങ്ങളാണുള്ളത്.

കൊട്ടാരക്കര നഗരസഭ ചെയർമാൻ എ. ഷാജു, മുൻ എം. എൽ. എ പി. അയിഷാപോറ്റി, നഗരസഭ വൈസ് ചെയർപേഴ്സൺ അനിത ഗോപകുമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ. ആർ സുനിൽ കുമാർ, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷർ, കൗൺസിലർമാർ കെ. എസ്. ഇ. ബി ഹെഡ് കൺസൾട്ടൻസി വിഭാഗം ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement