കരുനാഗപ്പള്ളി.കുലശേഖരപുരം ബാങ്ക് ഭരണസമിതി അംഗവും അയോഗ്യതയിലേക്ക്. കുലശേഖരപുരം സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ ക്യൂ 218 ൽ ജീവനക്കാരൻ പണയാധാരങ്ങൾ കടത്തിക്കൊണ്ടുപോയി സ്വകാര്യ സ്ഥാപനത്തിൽ പണയം വെച്ച് തട്ടിപ്പ് നടത്തി എന്ന വിവാദത്തിന് പിന്നാലെ ഭരണസമിതി അംഗമായ വനിതാ നേതാവ് വായ്പയെടുത്തു തിരിച്ചടയ്ക്കാത്തതിനാൽ അയോഗ്യ ആക്കാൻ ഒരുങ്ങി സഹകരണ വകുപ്പ്. ബാങ്കിലെ ഭരണസമിതി അംഗവും സിഐടിയു ജില്ലാ നേതാവുമായ വനിത അംഗം 15 ലക്ഷത്തോളം രൂപ ബാങ്കിൽ നിന്നും വായ്പ എടുത്തതായാണ് വിവരം. എന്നാൽ നാളിതുവരെ വായ്പാ തുകയിൽ ഒന്നും തിരിച്ചടയ്ക്കാത്തതിനാൽ ഭീമമായ കുടിശ്ശിക വന്ന സാഹചര്യത്തിൽ സഹകരണ വകുപ്പിലെ ഓഡിറ്റ് വിഭാഗം ഇവരെ അയോഗ്യ ആക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതായാണ് വിവരം.
നേരത്തെ സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ ബാങ്കിലെ ക്ലർക്ക് പണയ ആധാരം കടത്തിക്കൊണ്ടുപോയ സംഭവം സിപിഎം നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ് പുതിയ വിവാദവും ഉയരുന്നത്. സിപിഎമ്മിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള വനിതാ നേതാവിനെ അയോഗ്യ ആക്കാനുള്ള നടപടി മരവിപ്പിക്കാൻ സഹകരണവകുപ്പിന്മേൽ കടുത്ത സമ്മർദവും ഉള്ളതായി അറിയുന്നു.
എന്നാൽ സിപിഎമ്മിന്റെ ജില്ലയിലെ ഏറ്റവും മുതിർന്ന നേതാവായിരുന്ന എൻ ശ്രീധരൻ പടുത്തുയർത്തിയ സഹകരണ സ്ഥാപനത്തിൽ നിന്നും പുറത്തു വരുന്ന പുതിയ വിവാദങ്ങൾ ജില്ലാ, സംസ്ഥാന നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. ജില്ലയിലെ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുത്ത് അടിയന്തരമായി കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി കൂടി വിഷയം ചർച്ച ചെയ്തേക്കും. നേരത്തെ ഏരിയാ സമ്മേളനത്തെ തുടർന്ന് ഇരു ചേരികളായി മത്സരിക്കുകയും ഒടുവിൽ നിലവിൽ ഉണ്ടായിരുന്ന ഔദ്യോഗിക പക്ഷം എതിർപക്ഷത്തെ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി പാർട്ടി നേതൃത്വം പിടിച്ചെടുക്കുകയും ചെയ്ത കരുനാഗപ്പള്ളിയിൽ പുതിയ വിവാദങ്ങൾ പാർട്ടിക്ക് വലിയ ക്ഷീണം ആണ് ഏൽപ്പിക്കുന്നത്.