കരാർ ജീവനക്കാരനായിരിക്കെ മരിച്ചയാളുടെ ഭാര്യക്ക് ജോലി നൽകണം : മനുഷ്യാവകാശ കമ്മീഷൻ

Advertisement

കൊല്ലം: വൈദ്യുതി ബോർഡിൽ കരാർ ജീവനക്കാരനായിരിക്കെ ജോലിക്കിടയിൽ വൈദ്യുതാഘാതമേറ്റ് മരിച്ചയാളുടെ ഭാര്യക്ക് ജോലി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

 യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും അടിസ്ഥാനത്തിൽ ജോലി നൽകണമെന്നും ഇല്ലെങ്കിൽ പാർടൈം സ്വീപ്പറുടെ ജോലിയെങ്കിലും നൽകണമെന്ന്  കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. വൈദ്യുതി ബോർഡ് ചീഫ് എഞ്ചിനീയർക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്.


 കുളനട ഈസ്റ്റ് സ്വദേശിനി ഷൈനിക്ക് ജോലി നൽകാനാണ് ഉത്തരവ്.  2020 മാർച്ച് 19 ന് അപകടത്തിൽ മരിച്ച സിബിൻ ജോസിന്റെ ഭാര്യയാണ് ഷൈനി.  ഇവർക്ക് ആറിലും നാലിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്.  ഷൈനിയുടെ ദുരിതാവസ്ഥ മനസ്സിലാക്കി കുളക്കട സെക്ഷനിൽ ജോലി നൽകിയിരുന്നെങ്കിലും പിരിച്ചുവിട്ടു.  പാർടൈം സ്വീപ്പറുടെ ജോലി നൽകണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.  എന്നാൽ കുളക്കട സെക്ഷനിൽ പാർടൈം സ്വീപ്പറുടെ ഒഴിവില്ലെന്ന് ബോർഡ് കമ്മീഷനെ അറിയിച്ചു.



 മറ്റൊരാളുടെ ബന്ധുവിനെ നിയമിക്കാനാണ് തന്നെ പിരിച്ചുവിട്ടതെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു. ഏത് ഡിവിഷനിൽ ജോലി കിട്ടിയാലും താൻ പോകാൻ തയ്യാറാണെന്ന് പരാതിക്കാരി അറിയിച്ചു.

 പരാതിക്കാരിയുടെ ഭർത്താവ് കരാർ ജീവനക്കാരനായിരുന്നെങ്കിലും വൈദ്യുതി ബോർഡ് ഏൽപ്പിച്ച ജോലിക്കിടയിലാണ് മരിച്ചതെന്ന സാഹചര്യം പ്രത്യേകം കണക്കിലെടുക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ പറയുന്നു.
Advertisement