കൊല്ലം. പാൽ, മുട്ട, മാംസ്യം ഉൽപാദനങ്ങളിൽ സ്വയം പര്യാപ്തത കൈവരിക്കുക ആണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രിചിഞ്ചു റാണി. ജില്ലാ പഞ്ചായത്ത് തോട്ടത്തറ ഹാച്ചറിയിൽ ആരംഭിക്കുന്ന കോഴിത്തീറ്റ യൂണിറ്റിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു.
1.25 കോടി രൂപയാണ് നിർമ്മാണ ചിലവ്. യൂണിറ്റ് യാഥാർത്ഥ്യമാകുന്നത് വഴി കൂടുതൽ പേരെ കോഴി വളർത്തലിലേക്ക് ആകർഷിക്കുന്നതിന് സഹായകരമാകും. മുട്ട ഉൽപാദനത്തിന് കൊല്ലം ജില്ലാ പഞ്ചായത്ത് നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. അഞ്ചു രൂപ നിരക്കിൽ ഹാച്ചറിയിൽ നിന്ന് നേരിട്ടും ജില്ലാ പഞ്ചായത്ത് ഔട്ട്ലെറ്റ് മുഖേനയും നാടൻ കോഴിമുട്ട നൽകി വരുന്നത് സാധാരണക്കാർക്ക് വളരെയേറെ പ്രയോജനകരമാണ് .ആഭ്യന്തര ഉല്പാദനത്തിലൂടെ ഗുണമേന്മ ഉറപ്പുവരുത്താനും കോഴിത്തീറ്റ നിർമ്മാണ യൂണിറ്റ് മുഖേന സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ ഡാനിയേൽ അധ്യക്ഷത വഹിച്ചു. മുട്ട ഉൽപാദനത്തിൽ ജില്ലയെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായാണ് ജില്ലാ പഞ്ചായത്ത് മുന്നോട്ട് പോകുന്നത്.അഞ്ചു കോടി രൂപയുടെ പദ്ധതികളാണ് ഈ സാമ്പത്തിക വർഷം മൃഗസംരക്ഷണ മേഖലയിൽ ഏറ്റെടുത്തിട്ടുള്ളത്. നിലവിൽ ആഴ്ചയിൽ 40,000 കോഴിക്കുഞ്ഞുങ്ങളെ ഹാച്ചറിയിൽ വിരിയിക്കുന്നുണ്ട്. മണ്ണുത്തിയിൽ നിന്നാണ് പേരന്റ്സ് സ്റ്റോക്ക് എത്തിക്കുന്നത് എന്നും പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് അഡ്വ. സുമ ലാൽ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായ വസന്ത രമേശ്, അഡ്വ അനിൽ എസ് കല്ലേലി ഭാഗം,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. എസ് ഷൈൻ കുമാർ, ശ്രീജ ഹരീഷ്, എസ്. സോമൻ, സെക്രട്ടറി ബിനുൻ വാഹിദ്, സൂപ്രണ്ട് ഡോ.അരുൺ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.