തിഹാര്‍ ജയിലൊക്കെ പരിചിതം, ജോലി അമേരിക്കയില്‍ പൈലറ്റ്,ആധാറില്‍വരെ തിരിമറി,കൊല്ലത്തുകാരിക്ക് വിവാഹം ആലോചിച്ച പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

Advertisement

പിടിയിലായത് കൊല്ലം സിറ്റി സൈബര്‍ പോലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവില്‍

കൊല്ലം.മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവാവിനെ പോലീസ് പിടികൂടി. മലപ്പുറം ജില്ലയില്‍ മൊറയൂര്‍ വില്ലേജില്‍ മോങ്ങം ഒഴുവൂര്‍ ദേശത്ത് താഴത്തില്‍ അമല്‍ എന്ന മുഹമ്മദ് ഫസല്‍(35) ആണ് കൊല്ലം സിറ്റി സൈബര്‍ പോലീസിന്‍റെ പിടിയിലായത്.

ഓണ്‍ലൈന്‍ മാട്രിമോണി സൈറ്റുകളില്‍ അമല്‍ എന്ന വ്യാജ പേരിലും മുഹമ്മദ് ഫസല്‍ എന്ന പേരിലും പ്രൊഫൈല്‍ രജിസ്റ്റര്‍ ചെയ്ത് പെണ്‍കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും വരുന്ന പ്രൊപോസല്‍ സ്വീകരിച്ച് പെണ്‍കുട്ടികളുമായി ഫോണില്‍ സംസാരിച്ച് വിവാഹത്തിന് താത്പര്യമാണെന്നും അമേരിക്കയില്‍ ഡെല്‍റ്റാ എയര്‍ലൈന്‍സില്‍ പൈലറ്റ് ആണെന്ന് വിശ്വസിപ്പിച്ചുമാണ് തട്ടിപ്പ് നടത്തി വന്നത്. പല സ്ഥലങ്ങളിലും വച്ച് പെണ്‍കുട്ടികളുമായി കണ്ട്മുട്ടിയ ശേഷം വിസയുടെ ആവശ്യത്തിനെന്ന് പറഞ്ഞ് അവരുടെ ആധാര്‍, പാന്‍, മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ തന്ത്രപൂര്‍വ്വം കൈക്കലാക്കുകയായിരുന്നു. പിന്നീട് ഇവ ഉപയോഗിച്ച് പെണ്‍കുട്ടികളുടെ പേരില്‍ വ്യാജമായി സിം എടുക്കുകയും ബാങ്ക് അക്കൗണ്ടിന്‍റെയും മറ്റും വിവരങ്ങള്‍ മനസ്സിലാക്കി ഇവ ഉപയോഗിച്ച് ഓണ്‍ലൈന്‍ ബാങ്കിംഗ്, യു.പി.ഐ ഐഡി എന്നിവ അന്യായമായി കരസ്ഥമാക്കി സാമ്പത്തിക തട്ടിപ്പും, മറ്റ് ചൂഷണങ്ങളും നടത്തി വരികയായിരുന്നു.
കൊല്ലം സിറ്റി സൈബര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായി ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. പരാതിക്കാരി അറിയാതെ അവരുടെ ബാങ്ക് അക്കൗണ്ടില്‍ രജിസ്റ്റര്‍ ചെയ്ത ഇന്‍റര്‍നെറ്റ് ബാങ്കിംഗ് അക്കൗണ്ടിന്‍റെ ലോഗിന്‍ ഐ.പി. വിലാസങ്ങളും, പ്രതി ഉപയോഗിക്കുന്നതായി കണ്ടെത്തിയ വിവിധ മൊബൈല്‍ നമ്പരുകളും, ഇമെയില്‍ വിലാസങ്ങളും പിന്‍തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിന്‍റെ ഫലമായാണ് പ്രതിയെ പിടികൂടാനായത്. പരാതിക്കാരിയുടെ മൊഴിയില്‍ പ്രതിയുടെ പേര് കൃഷ്ണന്‍ മകന്‍ അമല്‍ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പോലീസ് അന്വേഷണത്തില്‍ ഈ വിലാസം വ്യാജമാണെന്ന് കണ്ടെത്തുകയും വിശദമായ അന്വേഷണത്തില്‍ ഇയാള്‍ മുഹമ്മദ് ഫസല്‍ ആണെന്ന് തിരിച്ചറിയുകയും ചെയ്യ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഡല്‍ഹിയിലും കേരളത്തില്‍ പലസ്ഥലങ്ങളിലും ഇത്തരം വിവാഹ തട്ടിപ്പിനും, സാമ്പത്തിക തട്ടിപ്പിനും നിരവധി കേസുകളില്‍ പ്രതിയാണെന്നും, 2018 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഡല്‍ഹി ഹോസ്ഖാസ് പോലീസ് സറ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാല്‍സംഗ കേസില്‍ തിഹാര്‍ ജയിലില്‍ വിചാരണ തടവിലായിരുന്നുവെന്നും കൂടാതെ കേരളത്തില്‍ പല കേസുകളിലും റിമാന്‍റിലായിട്ടുണ്ടെന്നും കണ്ടെത്താന്‍ കഴിഞ്ഞു. നിലവില്‍ പല കേസുകളിലും ഇയാള്‍ പിടികിട്ടാപ്പുളളിയുമാണ്.
തന്‍റെ പേരിലുളള കേസുകളില്‍ നിന്നും രക്ഷപെടുന്നതിനായി ഇയാള്‍ ആധാര്‍ കാര്‍ഡില്‍ വ്യാജമായി തിരുത്തല്‍ വരുത്തി, പേരും, പിതാവിന്‍റെ പേരും, വിലാസവും മാറ്റുകയും അതുപയോഗിച്ച് ഇലക്ഷന്‍ ഐ.ഡി., പാന്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ബാങ്ക് അക്കൗണ്ട്, എന്നിവ വ്യാജമായി നേടുകയും ചെയ്തിരുന്നു.

പാലാരിവട്ടത്ത് ഫ്ളാറ്റില്‍ താമസിച്ച് വന്ന ഇയാള്‍ മറ്റുളളവരുടെ പേരിലെടുത്ത ഫോണ്‍നമ്പരുകള്‍ ഉപയോഗിച്ച് പുതിയ ഇരകളെ കെണിയില്‍ വീഴ്ത്തുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് ന്‍റെ നിര്‍ദ്ദേശപ്രകാരം കൊല്ലം സിറ്റി ഡിസ്ട്രിക് ക്രൈംബ്രാഞ്ച് എ.സി.പി. സക്കറിയ മാത്യുവിന്‍റെ മേല്‍നോട്ടത്തില്‍ കൊല്ലം സിറ്റി സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എ.ജയകുമാര്‍, എസ്.ഐ അബ്ദുല്‍ മനാഫ്, എ.എസ്.ഐ മാരായ നിയാസ്.എ, നന്ദകുമാര്‍, ജോസഫ് റൊസാരിയോ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement