ദുരൂഹത നീങ്ങാതെ 11വര്‍ഷം, റാണാ പ്രതാപ് കേസ് സിബിഐക്ക്

Advertisement

പുനലൂർ- പുനലൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി പുനലൂർ മേലേപറമ്പിൽ വീട്ടിൽ റാണാ പ്രതാപ് 2011 മാർച്ച്‌ 26ന് ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട കേസിന്റെ അന്വേഷണചുമതല സി.ബി.ഐക്ക് നൽകികൊണ്ട് കേരള ഹൈകോടതി ഉത്തരവിറക്കി.

കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് 2018ൽ റാണാ പ്രതാപിന്റെ പിതാവ് സുധീന്ദ്ര പ്രസാദ് ഹർജി നൽകുകയും ഹർജിയുടെ വിധി കാത്തിരിക്കുന്നതിനിടെ എട്ടു മാസം മുന്പ് മരണ പെടുകയും ചെയ്തതിനെ തുടർന്ന് റാണാ പ്രതാപിന്റെ സഹോദരൻ ഛത്രപതി ശിവജി ഹർജിയിൽ കക്ഷി ചേരുകയും ചെയ്തിരുന്ന ഹർജിയിലാണ് സിബിഐക്ക് അന്വേഷണചുമതല നൽകി ഹൈകോടതി ഉത്തരവായത്.

എസ്.എസ്.എൽ.സിയുടെ അവസാന പരീക്ഷ കഴിഞ്ഞിറങ്ങി നാല് സഹപാഠികളുമായി നഗരത്തിലെ ബേക്കറിയിൽ കയറി ജ്യൂസിനു ഓർഡർ നൽകിയിരിക്കവേ റാണാ പ്രതാപ് പിടഞ്ഞു വീണു രണ്ട് മിനിറ്റിനുള്ളിൽ മരണപ്പെടുകയായിരുന്നു. ഈ സമയം കൂടെ ഉണ്ടായിരുന്ന രണ്ട് സഹപാഠികൾ അവിടെ നിന്ന് ഓടിപോയി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽ ചെന്നതാണ് മരണകാരണമെന്നു കണ്ടെത്തിയതോടെ ആണ് കൊലപാതകമാണെന്ന സംശയമുയർന്നത്. തുടർന്ന് റാണയുടെ ഘാതകരെ കണ്ടെത്തണം എന്നാവശ്യപ്പെട്ടു ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും ബഹുജനപിന്തുണയോടെ പുനലൂരിൽ പോലീസ് സ്റ്റേഷൻ മാർച്ച്‌ ഉൾപ്പെടെ നിരവധി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

മകന്റെ മരണത്തിനു പിന്നിലുള്ളവരെ കണ്ടെത്തണം എന്നാവശ്യപ്പെട്ടു പിതാവ് സുധീന്ദ്ര പ്രസാദ് കയറിയിറങ്ങാത്ത വാതിലുകൾ ഇല്ലായിരുന്നു. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസിൽ അന്ന് ഐജി ആയിരുന്ന ബി സന്ധ്യ ഐപിഎസ് റാണയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു അന്വേഷണം നടത്തി എങ്കിലും സന്ധ്യ പ്രമോഷനിൽ എ.ഡി.ജി.പി ആയതോടെ അന്വേഷണം പാതി വഴിയിൽ നിലച്ചു. മരണം നടന്നു ഒരു വർഷത്തോളം ആയിട്ടും കേസന്വേഷണത്തിൽ പുരോഗതി ഒന്നും ഉണ്ടാകാത്തതിനാൽ റാണയുടെ പിതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് ക്രൈം ബ്രാഞ്ച് സി.ബി.സി.ഐ.ഡി എസ്.പി ആയിരുന്ന ഉണ്ണിരാജയെ അന്വേഷണം ഏല്പിച്ചു. അന്വേഷണം ആരംഭിച്ചു രണ്ട് വർഷം പിന്നിട്ടിട്ടും യാതൊരു പുരോഗതിയും ഉണ്ടാകാത്തതിനെ തുടർന്ന് വീണ്ടും സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ തങ്ങൾ തന്നെ അന്വേഷിച്ചു കണ്ടെത്തികൊള്ളാം എന്ന ക്രൈം ബ്രാഞ്ച് വാദത്തിൽ കോടതി അത് തള്ളുകയാണ് ഉണ്ടായത്.

ഇതിനിടെ പ്രതികളെന്നു സംശയിക്കുന്ന അന്ന് മരണസമയത്ത് റാണയുടെ കൂടെ ഉണ്ടായിരുന്ന രണ്ട് സഹപാഠികളെ മൊഴികളിൽ വൈരുധ്യം ഉണ്ടെന്നു കണ്ടു നാർക്കോ അനാലിസിസ് ആൻഡ് ബ്രെയിൻ മാപ്പിങ് നടത്താൻ കോടതി ഉത്തരവ് ആയിരുന്നു എങ്കിലും നടത്താതെ അന്വേഷണ സംഘം വര്ഷങ്ങളോളം മുന്നോട്ട് പോയി. ഒടുവിൽ കോടതി ഇടപെട്ടതോടെ അവരെ രണ്ട് പേരെയും നാർക്കോ അനാലിസിസ് ആൻഡ് ബ്രെയിൻ മാപ്പിങ് നടത്താൻ ഗുജറാത്തിലെ അഹമ്മദാബാദിൽ കൊണ്ട് പോകുകയും എന്നാൽ അവർക്ക് ഭാഷ അറിയില്ല എന്ന പേരിൽ നടത്താതെ തിരികെ കൊണ്ട് വന്നു കോടതിയിൽ റിപ്പോര്ട്ട് നൽകുകയും ചെയ്തു.


തുടർന്ന് 5 വർഷത്തിന് ശേഷം സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മൂന്നാമത് നൽകിയ ഹർജിയിൽ 2017ൽ എ.ഡി.ജി.പി ബി.സന്ധ്യയെ ഏല്പിച്ചു ഹൈകോടതി ഉത്തരവ് ആയിരുന്നു. എന്നാൽ വേണ്ട വിധം അന്വേഷണം ഉണ്ടാകാഞ്ഞതിനെ തുടർന്ന് 2018ൽ നാലാമതും സിബിഐ അന്വേഷണം ആവശ്യപെട്ടു നൽകിയ ഹർജിയിൽ വിധി വരുന്നതും കാത്തിരിക്കുമ്പോഴാണ് കഴിഞ്ഞ ഏപ്രിൽ 19 ന് സുധീന്ദ്ര പ്രസാദ് മരണത്തിനു കീഴടങ്ങിയത്. തുടർന്നാണ് മകൻ ഛത്രപതി ശിവജി കേസിൽ കക്ഷി ചേർന്നതും ഇപ്പോൾ സിബിഐക്ക് അന്വേഷണം കൈമാറാൻ വിധി ആയിരിക്കുന്നതും. ഹർജിക്കാരന് വേണ്ടി അഡ്വക്കേറ്റ് വി.ജയപ്രദീപാണ് ഹാജരായത്.

Advertisement