അഴീക്കൽ ഫിഷിംഗ് ഹാർബർ വികസനത്തിന് സിആർ മഹേഷ് എംഎൽഎ സമർപ്പിച്ച പദ്ധതിക്ക് അംഗീകാരമായി

Advertisement

ഓച്ചിറ : അഴീക്കൽ ഫിഷിംഗ് ഹാർബർ വികസനത്തിന് സി.ആർ മഹേഷ് എം.എൽ.എ സമർപ്പിച്ച പദ്ധതിക്ക് അംഗീകാരമായി.
നബാർഡിൽ നിന്ന് 30 കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്.

2020 നവംബർ 19 ന് അന്നത്തെ ഫിഷറീസ് മന്ത്രി സജി ചെറിയാൻ സി.ആർ മഹേഷ് എം.എൽ.എയുടെ അഭ്യർത്ഥന പ്രകാരം അഴീക്കൽ ഫിഷിംഗ് ഹാർബർ സന്ദർശിച്ചിരുന്നു. ഈ സന്ദർശനത്തിൽ വെച്ച് 22 കോടി രൂപയുടെ പദ്ധതി അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഹാർബറിൻ്റെ ചുറ്റുമതിൽ പാർക്കിംഗ് ഏരിയ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ടോയ്ലറ്റ് ബ്ലോക്ക്, ഷോപ്പിംഗ്‌ കോംപ്ലസ്, കാൻറീൻ, റെസ്റ്റ് റൂം,ലോക്കർ റൂം.ലോഡിംഗ് ഏരിയ എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടും ,ഇതോടൊപ്പം ഹാർബറിലും അനുബന്ധ സ്ഥലങ്ങളിലും അടിഞ്ഞുകൂടിയ എക്കലും മണലും നീക്കം ചെയ്യുന്നതിനും വേണ്ടിയുള്ള ഡ്രഡ്ജിംഗിനും തുക അനുവദിച്ചിട്ടുണ്ട്. മൽസ്യ തൊഴിലാളി സംഘടനകളുടേയും പ്രാദേശിക കരയോഗങ്ങളുടേയും ദീർഘകാലത്തെ ആവശ്യങ്ങളാണ് ഈ പദ്ധതി നടപ്പായാൽ സാധ്യമാവുന്നത്. 


അഴീക്കൽ ഫിഷിംഗ് ഹാർബർ ആരംഭിച്ച് വർഷങ്ങളായിട്ടും ഇപ്പോഴും പല അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഇല്ലാത്തത് മൂലം ഹാർബറിൽ ദിനംപ്രതി വന്നു പോകുന്ന ആയിരകണക്കിന് മൽസ്യ തൊഴിലാളികളും അനുബന്ധ തൊഴിലാളികളും മൽസ്യ വ്യാപാരികളും ബുദ്ധിമുട്ടുന്നത് ഹാർബർ വികസനത്തെ പിന്നോട്ടടിച്ചിരുന്നു.

പദ്ധതി യാഥാർത്ഥ്യമാവുന്നതോടെ മത്സ്യതൊഴിലാളികൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാവുമെന്നും, ഹാർബറിൻ്റെ വികസനത്തിനാവശ്യമായ സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തിയാവുന്നതോടെ കൂടുതൽ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കുമെന്നും സി.ആർ മഹേഷ് എം.എൽ.എ പറഞ്ഞു.

Advertisement