കൊട്ടാരക്കര: വിദ്യാര്‍ഥികളുടെ ഫോണ്‍ ഉപയോഗത്തിന് പുത്തൂര്‍ ശ്രീനാരായണ ആയുര്‍വേദ മെഡിക്കല്‍ കോളജ് അധികൃതര്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണം വിവാദമായി.
ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് ആണ് മറ്റെങ്ങും കേള്‍ക്കാത്ത നിയന്ത്രണം. ഇവര്‍ക്ക് ഫോണ്‍ അനുവദിക്കുന്നത് രാത്രി എട്ടു മണി വരെ മാത്രമാണ്. വിദ്യാര്‍ഥികള്‍ ഫോണ്‍ദുരുപയോഗം മൂലം വഴിതെറ്റാതിരിക്കാനാണ് നടപടിയെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം.
കോളജിലെ ബി.എ.എം.എസ് വിദ്യാര്‍ഥികള്‍ക്ക് പ്രവൃത്തി ദിനങ്ങളില്‍ ഫോണ്‍ അനുവദിക്കുന്നത് നാല് മണിക്കൂര്‍ മാത്രമാണ്. വൈകുന്നേരം കോളജില്‍ നിന്ന് എത്തിയാല്‍ നാലുമണിക്ക് വിദ്യാര്‍ഥികള്‍ക്ക് ഫോണ്‍ നല്‍കും. എട്ടു മണി വരെ ഫോണ്‍ ഉപയോഗിക്കാം. ശേഷം വാര്‍ഡന് കൈമാറണം.
പിന്നീട് മൊബൈല്‍ ഫോണ്‍ തിരികെ ലഭിക്കുന്നത് അടുത്തദിവസം വൈകുന്നേരം നാലിനാണ്. അവധി ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം എട്ടു വരെ ഫോണ്‍ അനുവദിക്കും. ഹോസ്റ്റലില്‍ അല്ലാതെ വന്നുപോകുന്ന വിദ്യാര്‍ഥികളും രാവിലെ ഫോണ്‍ അധ്യാപകനെ ഏല്‍പ്പിക്കണം. ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി കോളജ് അധികൃതര്‍ കഴിഞ്ഞദിവസം സര്‍ക്കുലര്‍ പുറത്തിറക്കി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്നുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്ക് വീട്ടിലേക്ക് വിളിക്കാന്‍ പോലും ഫോണ്‍ ലഭിക്കാത്ത അവസ്ഥയാണെന്ന് ഇവര്‍ പറയുന്നു. പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ സമയക്രമം സംബന്ധിച്ചും അവകാശലംഘനം നടക്കുന്നുവെന്ന് പരാതിയുണ്ട്.
വൈകുന്നേരം ആറുമണിക്കകം വിദ്യാര്‍ഥിനികള്‍ ഹോസ്റ്റലിനുള്ളില്‍ പ്രവേശിക്കണം. വിദ്യാര്‍ഥികളുടെ നന്മയ്ക്കും സുരക്ഷയ്ക്കും അവരുടെ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനും വേണ്ടിയാണ് തീരുമാനമെന്നാണ് കോളജ് അധികൃതരുടെ വാദം.