കരുനാഗപ്പള്ളി.സിപിഎമ്മിൽ വീണ്ടും ബന്ധു നിയമന വിവാദം. കരുനാഗപ്പള്ളിയിലെ സിപിഎമ്മിൽ വീണ്ടും ബന്ധു നിയമന വിവാദം തലവേദനയാകുന്നു. കഴിഞ്ഞ ഏരിയ സമ്മേളന കാലത്ത് ഔദ്യോഗിക നേതൃത്വത്തിനെതിരെ എതിർവിഭാഗം അതിശക്തമായി ഉന്നയിച്ച ആരോപണമായിരുന്നു ബന്ധു നിയമനം സംബന്ധിച്ചത്. എന്നാലിപ്പോൾ ആരോപണം ഉന്നയിച്ച വിഭാഗത്തിന് നേരെ തന്നെ തിരിഞ്ഞിരിക്കുകയാണ് പുതിയ ബന്ധു നിയമന വാർത്തകൾ. കഴിഞ്ഞ ഏരിയാ സമ്മേളനത്തിൽ ഔദ്യോഗിക വിഭാഗത്തിനെതിരെ അതിശക്തമായി ആഞ്ഞടിച്ച് ലോക്കൽ കമ്മിറ്റി അട്ടിമറിച്ച് സെക്രട്ടറിയായി മാറിയ എതിർ വിഭാഗത്തിന്റെ യുവ നേതാവിന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി തരപ്പെടുത്തിയതിന് പിന്നാലെ കേരഫെഡില്‍ നടക്കുന്ന താൽക്കാലിക നിയമനങ്ങൾ സംബന്ധിച്ചാണ് പുതിയ വിവാദം പുറത്തു വന്നിരിക്കുന്നത്.
ഔദ്യോഗിക വിഭാഗത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച കുലശേഖരപുരം നോർത്ത് ലോക്കൽ കമ്മിറ്റി അംഗവും കേരഫെഡ് ജീവനക്കാരനും കേരഫെഡ് വർക്കേഴ്സ് യൂണിയൻ സിഐടിയുവിന്റെ ജനറൽ സെക്രട്ടറിയുമായ നേതാവിന്‍റെ മകൻ , സിപിഎം ഏരിയ സെക്രട്ടറിയുടെ മകൻ എന്നിവരെ എൻജിനീയറിങ് വിഭാഗത്തിൽ നിയമിക്കാനുള്ള തീരുമാനമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
കഴിഞ്ഞ ഏരിയാ സമ്മേളനത്തിൽ നിലവിലുള്ള ഔദ്യോഗിക വിഭാഗം മത്സരത്തിലൂടെ ഏരിയാ കമ്മറ്റി ഏതാണ്ട് പൂർണമായും പിടിച്ചെടുത്തെങ്കിലും ജില്ലാ നേതൃത്വം ഇടപെട്ട് എതിർ വിഭാഗത്തിലെ പി കെ ജയപ്രകാശിനെ സെക്രട്ടറിയായി നിയോഗിക്കുകയായിരുന്നു. ഇത് എതിർപക്ഷത്തിന് കരുത്ത് കൂട്ടാൻ ഇടയാക്കിയെങ്കിലും ഏരിയ സെക്രട്ടറിയുടെ മകനെ പിൻ വാതിലിലൂടെ നിയമിക്കാൻ തീരുമാനിച്ചതോടെ പഴയ ഔദ്യോഗിക പക്ഷത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം തങ്ങൾക്കെതിരെ തന്നെ തിരിഞ്ഞു കുത്തുന്ന സ്ഥിതിയിൽ ആയിരിക്കുകയാണ് കരുനാഗപ്പള്ളിയിലെ വിമത വിഭാഗം.ഇതോടെ പ്രതിരോധത്തിലായിരിക്കുകയാണ് ഇവർ.
ഇതുകൂടാതെ ചില കോൺഗ്രസ് നേതാക്കളുടെ മക്കളെയും ഒത്തുതീര്‍പ്പുനിലയില്‍ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്.ഈ ഭാഗത്തുനിന്നുള്ള പരാതിയും എംഎല്‍എയുടെ ഇടപെടലും ഒഴിവാക്കുകയാണ് ലക്ഷ്യം. ഈ നിയമനങ്ങൾക്കെതിരെ വിവിധ സംഘടനകൾ സമരവുമായി രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ സിപിഎം നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി ഹൈസ്കൂളുകളിൽ ഏതാനും അധ്യാപക നിയമനങ്ങൾ ചില നേതാക്കളുടെ ബന്ധുക്കൾക്കും ഇഷ്ടക്കാർക്കും ഉൾപ്പെടെ നൽകാൻ ആലോചിച്ചിരുന്നു. എന്നാൽ ജില്ലാ നേതൃത്വം ഇടപെട്ട് ഈ നിയമനങ്ങൾ ഇപ്പോൾ താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.