തട്ടിപ്പ്,കുലശേഖരപുരം ബാങ്കിൽ സഹകരണ വകുപ്പ് അധികൃതർ പരിശോധന നടത്തി

Advertisement

കരുനാഗപ്പള്ളി.ജീവനക്കാരൻ പണയാധാരം കടത്തിക്കൊണ്ടുപോയി തിരുമറി നടത്തി എന്ന സംഭവത്തിൽ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ കുറശേഖരപുരം സർവീസ് സഹകരണ ബാങ്കിൽ പരിശോധന നടത്തി. കരുനാഗപ്പള്ളി സഹകരണ അസിസ്റ്റൻറ് രജിസ്ട്രാർ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ബാങ്കിലെത്തി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട ചില തെളിവുകൾ ബാങ്കിൽ നിന്നും ഉദ്യോഗസ്ഥ സംഘം ശേഖരിച്ചിട്ടുണ്ട്. സഹകരണ വകുപ്പ് മന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിർദ്ദേശത്തെ തുടർന്നാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ സംഭവവുമായി ബന്ധപ്പെട്ട പരിശോധന നടത്തിയത് എന്നാണ് വിവരം. കുലശേഖരപുരം സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ ക്യൂ 218 ലെ ജീവനക്കാരനായ ക്ലർക്ക് വായ്പക്കാരന്റെ പണയാധാരം കടത്തിക്കൊണ്ടുപോയി തട്ടിപ്പ് നടത്തിയതായാണ് ബാങ്ക് അധികൃതർ കണ്ടെത്തിയത്.

വായ്പക്കാരനായ സഹകാരിക്ക് സംശയം തോന്നിയതിനെ തുടർന്ന് ബാങ്ക് അധികൃതരെ വിവരം അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇതേ തുടർന്ന് സിപിഎം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ ജീവനക്കാരനെ സസ്പെൻഡ് ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് സഹകരണ വകുപ്പ് അധികൃതർ ഇപ്പോൾ പരിശോധന നടത്തിയിരിക്കുന്നത്. സംഭവത്തിൽ സിപിഎം നേതാവായ ജീവനക്കാരനെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളും ഒരു ഭാഗത്തു നടക്കുന്നതായാണ് അറിവ്. ഈ സാഹചര്യത്തിലാണ് സഹകരണ വകുപ്പിൻ്റെ പരിശോധന നടന്നത്.

അധികൃതർ കണ്ടെത്തിയ വിവരങ്ങൾ സംബന്ധിച്ച് അടിയന്തരമായി സഹകരണ വകുപ്പിലെ ഉന്നതർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നറിയുന്നു. തുടർന്ന് ഇക്കാര്യത്തിൽ വകുപ്പ് തലത്തിൽ നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്. ധനകാര്യ സ്ഥാപനത്തിൻ്റെ വിശ്വാസതയിൽ ഏറ്റവും പ്രധാനപ്പെട്ട പണയാധാരം കടത്തിക്കൊണ്ടു പോകൽ എന്നത് ഗൗരവതരമായ കുറ്റമായാണ് സഹകരണ വകുപ്പ് കാണുന്നത്. ഇത്തരം ജീവനക്കാരെ സ്ഥാപനങ്ങളിൽ നിലനിർത്തിക്കൊണ്ടു പോകാൻ അനുവദിക്കുന്നത് സഹകരണ മേഖലയുടെ തന്നെ വിശ്വാസതയെ ബാധിക്കുന്ന പ്രശ്നമായിരിക്കുമെന്നും അധികൃതർ ഉന്നത കേന്ദ്രങ്ങളിൽ അറിയിക്കാനാണ് സാധ്യത.

Advertisement