പ്രാദേശിക സർക്കാരുകൾ ജനഹിതം മനസ്സിലാക്കിയുള്ള പ്രോജക്ടുകൾ ഏറ്റെടുക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Advertisement

പിറവന്തൂര്‍. ജനങ്ങളുടെ ആവശ്യകത തിരിച്ചറിഞ്ഞുള്ള പദ്ധതികൾ വേണം പ്രാദേശിക സർക്കാരുകൾ ഏറ്റെടുക്കേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ ഡാനിയേൽ.പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ കുരിയോട്ടുമലയിൽ ജില്ലാ പഞ്ചായത്ത് ആരംഭിക്കുന്ന ഡോഗ് ഷെൽട്ടർ ഹോമിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് ഡോഗ് ഷെൽട്ടർ ഹോം നിർമ്മാണം ഏറ്റെടുക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. 60 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. സംസ്ഥാന ഭവന നിർമ്മാണം ബോർഡ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ട് ഏക്കറിലാണ് നിർമ്മാണം. മൂന്നുമാസം കൊണ്ട് പൂർത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്ഥല പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഡോഗ് ഷെൽട്ടർ ഹോം നിർമ്മാണം ഏറ്റെടുക്കണമെന്ന് പ്രസിഡന്റ് പറഞ്ഞു. എങ്കിൽ മാത്രമേ രൂക്ഷമായ തെരുവുനായ ശല്യം പരിഹരിക്കുവാൻ സാധിക്കുകയുള്ളൂ. എ.ബി.സി പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് മതിയായ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഭേദഗതിയിൽ ഉൾപ്പെടുത്തി കൂടുതൽ തുക വകയിരുത്താനും തയ്യാറാണ്. എബിസി പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് ഗ്രാമപഞ്ചായത്തുകളുടെ പൂർണ സഹകരണം അനിവാര്യമാണെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
വൈസ് പ്രസിഡന്റ് അഡ്വ സുമ ലാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നജീബത്ത് സ്വാഗതം പറഞ്ഞു. പിറവന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ ജയൻ, ജില്ലാ പഞ്ചായത്ത് അംഗം സുനിതാ രാജേഷ്, സെക്രട്ടറി ബിനുൻ വാഹിദ്, ഫാം സൂപ്രണ്ട് ഡോ. വി. പി സുരേഷ് കുമാർ, ഭവന നിർമ്മാണ ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജി സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.