ബിജെപി വിട്ടു സിപിഎമ്മിലേക്ക് അവിടെനിന്നും കാഷായത്തിലേക്ക് വിഎസ് വിജയന്‍ ഇനി തപസ്യാനന്ദന്‍

Advertisement

ശൂരനാട്.രാഷ്ട്രീയത്തോടു മടുപ്പും ലൗകിക ജീവിതത്തോടു വിരക്തിയും വളര്‍ന്നു പൊതുപ്രവര്‍ത്തകന്‍ വിഎസ് വിജയന്‍ സന്യാസ ജീവിതത്തിലേക്ക്. ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി കന്നിമേലഴികത്ത് വിജയനെന്ന രാഷ്ട്രീയ നേതാവ് ശിഷ്ട ജീവിതം വാനപ്രസ്ഥത്തിലേക്ക് വിടുകയാണ്

ആർ എസ് എസ് പ്രചാരകനായി ദീര്‍ഘകാലം,പിന്നീട് സംഘ രാഷ്ട്രീയത്തിലേക്ക്. ബി ജെ പി കുന്നത്തൂര്‍ നിയോജകമണ്ഡലം പ്രസിഡന്‍റും ആയിരിക്കെ നേതൃത്വവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് വി.എസ് വിജയൻ സിപിഎം ൽ ചേർന്നത് വലിയ ചര്‍ച്ച ആയിരുന്നു. എല്ലാ രാഷ്ട്രീയ കക്ഷികളോടും സൗഹാര്‍ദ്ദം പുലര്‍ത്തി എല്ലാ പൊതുപ്രശ്നങ്ങളിലും സജീവ സാന്നിധ്യമായിരുന്ന വിജയന്‍ ബിജെപിക്ക് കുന്നത്തൂരില്‍ വലിയ ഒരു പ്രതിഛായ സൃഷ്ടിച്ചിരുന്നു.
ബി ജെ പി കുന്നത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ് ആയി ചുമതലയിലിരിക്കുമ്പോഴാണ് 2016ല്‍ ബി ജെ പി യിൽ നിന്നും രാജി വച്ച് സി പി എം ൽ ചേരുന്നത്. തുടർന്ന് കർഷക സംഘം ശൂരനാട് ഏരിയ പ്രസിഡന്റായിരുന്നു.

കോവിഡ് ആണ് ജീവിതത്തില്‍വലിയ നഷ്ടമുണ്ടാക്കിയത് ഭാര്യ ഉഷാകുമാരി അപ്രതീക്ഷിതമായി കോവിഡിന് കീഴടങ്ങി. വലിയ ദുഖത്തിലും ഏകാന്തതയിലും പെട്ട വിഎസ് വിജയന് സമാശ്വാസമായത് മാവേലിക്കര ചെറുകോലിലെ ശുഭാനന്ദാശ്രമത്തോടുള്ള സഹവാസമാണ്. മകളുടെ വിവാഹം ജൂലൈയില്‍ നടത്തി, മകന്‍ നേരത്തേ വിവാഹിതനാണ്, കടപ്പാടുകള്‍ ഒഴിഞ്ഞു. രാഷ്ട്രീയവും ലൗകിക ജീവിതവും വിട്ട് 61-ാം വയസില്‍ കാഷായത്തിലേക്കു തിരിയാന്‍ അതോടെ ശക്തമായ തീരുമാനമെടുക്കുകയായിരുന്നു. മാവേലിക്കര ചെറുകോല്‍ ശുഭാനന്ദാശ്രമ മഠാധിപതി സ്വാമി ദേവാനന്ദ ഗുരുവില്‍ നിന്നും സന്യാസ ദീക്ഷ സ്വീകരിച്ചത് കഴിഞ്ഞദിവസമാണ്. ഇനി തപസ്യാനന്ദനായിട്ടാവും ബാക്കി ജീവിതം

Advertisement