മയ്യനാട് ഒന്നര വയസുകാരന് നേരെ തെരുവ് നായ കൂട്ടത്തിന്റെ ആക്രമണം,മുത്തശിയുടെ പ്രതിരോധത്തില്‍ ജീവന്‍തിരിച്ചുകിട്ടി

Advertisement

മയ്യനാട്. പതിവു വാര്‍ത്തപോലെയല്ലിത്, വീടിനുമുറ്റത്തുനിന്ന് പട്ടാപ്പകല്‍ നായ്ക്കൂട്ടം കുട്ടിയെ കടിച്ചെടുത്ത് ഓടുകയായിരുന്നു. ഒന്നര വയസുകാരനെ തെരുവ് നായ കൂട്ടം ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച സംഭവം നടുക്കത്തോടെയാണ് വീട്ടുകാര്‍ ഓര്‍ക്കുന്നത്. മയ്യനാട് പുല്ലിച്ചിറ കക്കാക്കടവ് സ്വദേശി രാജേഷ് – ആതിര ദമ്പതികളുടെ മകൻ അർണവിനെയാണ് തെരുവ് നായകൾ ആക്രമിച്ചത്. ഗുരുതരമായ പരുക്കുകളോടെ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീട്ടുമുറ്റത്ത് നിന്ന് കളിക്കുന്നതിനിടെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അർണവിനെ തെരുവ് നായക്കൂട്ടം ആക്രമിച്ചത്. സംഭവ സമയത്ത് കുട്ടിയുടെ മുത്തശ്ശി മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. കുട്ടിക്ക് ഭക്ഷണം നല്‍കി പാത്രം അകത്ത് വയ്ക്കാന്‍ പോയ നേരമായിരുന്നുവത്രേ ആക്രമണം. ഏറെ പണിപ്പെട്ടാണ് ഇവര്‍ നായ്ക്കള്‍ കടിച്ചെടുത്തോടിയ കുട്ടിയെ തിരികെ പിടിച്ചത്. മുത്തശ്ശിയുടെ നിലവിളികേട്ട് നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.ഇത്തരം സാഹചര്യം പതിവായാല്‍ എന്തു ചെയ്യുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

തലക്കും മുഖത്തും ഉൾപ്പെടെ കടിയേറ്റിട്ടുണ്ട്. ഒന്നര വയസുകാരന്റെ ശരീരത്തിൽ വിവിധയിടങ്ങളിലായി 20 ലധികം മുറിവുകൾ ഉണ്ടായി. പ്രദേശത്ത് നേരത്തെ മുതൽ തെരുവുനായ ശല്യം രൂക്ഷമായിരുന്നു എന്നാണ് പരാതി. ചില ആളുകൾ തെരുവ് നായ്ക്കളെ സംരക്ഷിക്കുന്നുണ്ട്. ഒരാള്‍ ഇതിനടുത്ത് നായ്ക്കൂട്ടത്തിന് സ്ഥിരമായി ഭക്ഷണ മെത്തിക്കാറുണ്ട്.

അർണവ് കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisement