സാമൂഹിക വികസനത്തിന് കൂട്ടായ പ്രവർത്തനം അനിവാര്യം: മന്ത്രി കെ.എൻ ബാലഗോപാൽ

Advertisement

ഈലിയോട് .സാമൂഹിക വികസനത്തിന് ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. ഈലിയോട് ഇ.എം.എസ് ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് പുതിയതായി ആരംഭിച്ച നാല് ബസ് സർവീസുകൾക്കുള്ള സ്വീകരണവും, ഗ്രന്ഥശാലയിലെ ഇന്റർനെറ്റ് കഫെയുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നവമാധ്യമങ്ങളുടെ വരവോടെ യുവാക്കളിൽ വായനാശീലം കുറയുന്ന പ്രവണതയാണ് കണ്ടുവരുന്നത്. എന്നാൽ വായനയിലൂടെ മാത്രമേ സാമൂഹിക പുരോഗതി കൈവരിക്കാൻ സാധിക്കുകയുള്ളൂ. ശ്രീനാരായണ ഗുരുവിനേയും അയ്യങ്കാളിയേയും പോലുള്ള സാമൂഹിക പരിഷ്കർത്താക്കളുടെ ആശയങ്ങൾ മുൻനിർത്തിയുള്ള വികസനത്തിന് വായന അത്യന്താപേക്ഷികമാണെന്നും അദ്ദേഹം പറഞ്ഞു.

ഇ.എം.എസ് ഗ്രന്ഥശാല മുൻ ഭാരവാഹി ലക്ഷ്മണൻ അധ്യക്ഷനായി. ഗ്രന്ഥശാല പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി പ്രകാശ്, എഴുകോൺ ടൗൺ വാർഡ് അംഗം വിജയപ്രകാശ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പ്രീത, മറ്റ് രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement