ശാസ്താംകോട്ട : ചവറു കത്തിച്ച കനല്‍ക്കൂനയില്‍ വീണ് പൊള്ളലേറ്റ കുട്ടിക്കുരങ്ങന്റെ നില അതീവ ഗുരുതരമായി തുടരുന്നു.കോന്നി ഡിവിഷനിൽ നിന്നും അധികൃതരെത്തി കുട്ടിക്കുരങ്ങിനെ ഇന്ന് (ശനി)ഏറ്റെടുത്തു.കോന്നി ഫോറസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലാണ് കുട്ടിക്കുരങ്ങൻ.ചികിത്സയുടെ ഭാഗമായി ഒരു കൈ നീക്കം ചെയ്തു.
ശാസ്താംകോട്ട ഡി.ബി കോളജിന് സമീപം കഴിഞ്ഞ ദിവസമാണ് കുരങ്ങിന് അപകടം പറ്റിയത്.ചാമ്പല്‍ക്കൂനയില്‍ ഭക്ഷണം തിരഞ്ഞ് കനലില്‍ പെടുകയായിരുന്നു.കാലിനും കൈകള്‍ക്കും പരുക്കേറ്റ് അവശനിലയിലായ കുരങ്ങിനെ പൊതുപ്രവര്‍ത്തകര്‍ മൃഗാശുപത്രിയിലെത്തിച്ചിരുന്നു.
എന്നാല്‍ ഇന്‍ഫെക്ഷന്‍ കൂടുതലായതിനാല്‍ മികച്ച ചികില്‍സ വേണമെന്ന നിര്‍ദ്ദേശത്തെ തുടർന്നാണ് കോന്നി ഡിവിഷനിൽ വിവരം അറിയിച്ചത്.അതിനിടെ കുട്ടിക്കുരങ്ങന് പൊള്ളലേറ്റിട്ട് ദിവസങ്ങളായെന്നാണ് അറിയുന്നത്. പൊള്ളലിനെ തുടർന്ന് മാംസ ഭാഗങ്ങൾ വെന്തുരുകുകയും അസ്ഥികളും മറ്റും പുറത്തു കാണാവുന്ന നിലയിലുമാണെന്നും കുരങ്ങിനെ പരിചരിച്ചവർ പറയുന്നു.