ഒരു കോടിയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയ കേസില്‍ മൂന്നുപേർ കൂടി പോലീസ് പിടിയിലായി

Advertisement

കരുനാഗപ്പള്ളി.ടൗണിലും പരിസര പ്രദേശങ്ങളിലും മറ്റും വിൽപ്പനക്കായി കടത്തികൊണ്ട് വന്ന നിരോധിത പുകയില ഉൽപ്പനങ്ങൾ പിടികൂടിയതിൽ മുഖ്യസൂത്രധാരന്മാരായ മൂന്നുപേർ പോലീസ് പിടിയിലായി. ആലപ്പുഴ സി.വി വാർഡിൽ ഇക്ബാൽ മകൻ ഇജാസ്(27), ആലപ്പുഴ വെള്ളകിണർ സജാദ് മൻസിലിൽ സാദൂഖ് മകൻ നാനാജി എന്ന് വിളിക്കുന്ന സജാദ്(28), കരുനാഗപ്പള്ളി പുത്തൻതെരുവിൽ പനങ്ങോട്ട് മുക്കിൽ കൊല്ലിലേത്ത് പടിറ്റതിൽ ബഷീർ മകൻ ഷമീർ(39) എന്നിവരെയാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്.

കരുനാഗപ്പള്ളി മോഡൽ സ്‌കൂളിന് സമീപം കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് ലോറികളിലായി കടത്തിക്കൊണ്ട് വന്ന 1,27,410 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. ആലപപ്പുഴ കേന്ദ്രീകരിച്ച് പുകയില ഉൽപ്പന്നങ്ങൾ സംഭരിച്ച് സമീപ ജീല്ലകളിലടക്കം വിതരണം ചെയ്യുന്ന വൻസംഘമാണ് കൊല്ലം സിറ്റി പോലീസിന്റെ പിടിയിലായത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള നീക്കങ്ങൾക്കൊടുവിലാണ് അന്തർ സംസ്ഥാന ബന്ധമുള്ള സംഘം വലയിലായത്.

കുട്ടികൾക്കും യൗവ്വനക്കാർക്കും മറ്റ് ചെറുകിട കച്ചവടക്കാർക്കും വിൽപ്പന നടത്തി അമിത ലാഭം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് അന്യസംസ്ഥാനങ്ങളിൽ നിന്നും കൂടിയ അളവിൽ പുകയില ഉൽപ്പന്നങ്ങൾ വാങ്ങി ജില്ലയിലേക്ക് എത്തിക്കുന്നതെന്ന് പിടിയിലായവർ പറഞ്ഞു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ശ്രീലാലിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷാജിമോൻ, കലാധരൻ, എസ്.സിപിഒ രഞ്ജിത്ത്, സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Advertisement