മുന്‍വിരോധം; യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ബൈക്കുകള്‍ തല്ലിതകര്‍ക്കുകയും ചെയ്യ്ത പ്രതികള്‍ പിടിയില്‍

Advertisement

 

ചവറ : മുന്‍വിരോധം നിമിത്തം യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും സുഹൃത്തിന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറി ബൈക്കുകള്‍ തല്ലിതകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യ്ത പ്രതികള്‍ പോലീസ് പിടിയിലായി. പന്മന ഹരിഭവനത്തില്‍ സുരേഷ്കുമാര്‍ മകന്‍ ഹരികൃഷ്ണന്‍(21), പന്മന ഹരിഭവനത്തില്‍ സുരേഷ്കുമാര്‍ മകന്‍ അമല്‍കൃഷ്ണന്‍(19), പന്മന മുല്ലക്കേരി, തൊടിയിന്നേല്‍ വീട്ടില്‍ ശ്രീകുമാര്‍ മകന്‍ കിരണ്‍(23), പന്മന കാരാളില്‍ വീട്ടില്‍ ഉണ്ണികൃഷ്ണപിള്ള മകന്‍ ആകാശ്(20), പന്മന, മുല്ലക്കേരി, വലിയവീട്ടില്‍ കിഴക്കതില്‍ അജിത്ത് മകന്‍ അഭിലാഷ്(19) എന്നിവരാണ് ചവറ പോലീസിന്‍റെ പിടിയിലായത്.

എട്ടാം തീയതി വെളുപ്പിന് 1 മണിയോടെ ചവറ വെറ്റമുക്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗാനമേള കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊല്ലക ഇരണിക്കല്‍ വീട്ടില്‍ അനിഷേകിനേയും സുഹൃത്തുക്കളായ ഹസന്‍, ഹുസൈന്‍, കിരണ്‍ എന്നിവരേയും മുന്‍വിരോധം നിമിത്തം പ്രതികളും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടെങ്കിലും അനിഷേകിന് രക്ഷപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. പ്രതികള്‍ സംഘം ചേര്‍ന്ന് അനിഷേകിനെ മാരകായുധങ്ങള്‍ കൊണ്ട് കുത്തിയും അടിച്ചും മൃഗീയമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതിന് ശേഷം രക്ഷപ്പെട്ട അനിഷേകിന്‍റെ സുഹൃത്തുക്കളെ അന്വേഷിച്ച് ഇറങ്ങിയ പ്രതികള്‍ സമീപത്ത് തന്നെയുള്ള ഹുസൈനിന്‍റേയും, ഹസന്‍റേയും വീട്ടിലെത്തി.

അസഭ്യ വര്‍ഷം നടത്തിക്കൊണ്ട് കൊലവിളി മുഴക്കിയ പ്രതികള്‍ വീടിന്‍റെ കതകും ജനലുകളും അടിച്ച് തകര്‍ക്കാന്‍ ശ്രമിക്കുകയും വീടിന് വെളിയില്‍ സൂക്ഷിച്ചിരുന്ന മോട്ടോര്‍ ബൈക്കുകള്‍ അടിച്ച് തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യ്തു. പ്രതികള്‍ക്കെതിരെ ചവറ പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍  കേസ് രജിസ്റ്റര്‍ ചെയ്യ്ത് ഇവരെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി എ.സി.പി. വി.എസ് പ്രദീപ്കുമാറിന്‍റെയും ചവറ പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ കുമാര്‍ യു.പി യുടേയും നിര്‍ദ്ദേശപ്രകാരം എസ്.ഐ മാരായ അഖില്‍, നൗഫല്‍, മദനന്‍,ഗോപാലകൃഷ്ണന്‍,എ.എസ്.ഐ അനില്‍, സി.പി.ഓ മാരായ സബിതാ, രതീഷ്, എന്നിവരടങ്ങിയ പോലീസ് സംഘമാണ്  പ്രതികളെ പിടികൂടിയത്.