പരവൂരിൽ കുടുംബ കോടതി പ്രവര്‍ത്തനമാരംഭിച്ചു

Advertisement

പരവൂര്‍:പരവൂരിൽ  കുടുംബ കോടതി പ്രവര്‍ത്തനമാരംഭിച്ചു. കുടുംബ കോടതിയുടെ പ്രവര്‍ത്തനോദ്ഘാടനം  ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.സോമരാജന്‍ പരവൂര്‍ മുനിസിപ്പല്‍ പാര്‍ക്കില്‍ നിര്‍വഹിച്ചു. ജില്ലയിലെ നാലാമത്തെ കുടുംബ കോടതിയാണ് പരവൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ആധുനിക സൗകര്യങ്ങളോടെ ശിശു സൗഹൃദ രീതിയിലാണ് കോടതി സജ്ജീകരിച്ചിരിക്കുന്നത്. പരവൂരിലെ രണ്ട് വില്ലേജുകള്‍ക്കൊപ്പം, പൂതക്കുളം, മയ്യനാട്, ചിറക്കര, മീനാട്, പാരിപ്പള്ളി, കല്ലുവാതുക്കല്‍, ആദിച്ചനല്ലൂര്‍, തഴുത്തല വില്ലേജുകളിലെ കേസുകളാണ് പുതിയ കുടുംബ കോടതിയില്‍ പരിഗണിക്കുക. നിലവില്‍ കൊല്ലം, കൊട്ടാരക്കര, ചവറ എന്നിവിടങ്ങളിലാണ് കുടുംബ കോടതികള്‍ പ്രവര്‍ത്തിക്കുന്നത്.

കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെക്ഷന്‍ ജഡ്ജ് എം.ബി സ്നേഹലത അധ്യക്ഷയായി. എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി, ജി.എസ് ജയലാല്‍ എം.എല്‍.എ, പരവൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി. ശ്രീജ

എന്നിവർ സംസാരിച്ചു 

രാഷ്ട്രീയകക്ഷി നേതാക്കള്‍, അഭിഭാഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement