പ്രസവ ചികിത്സയ്ക്കിടെ യുവതി മരിച്ച സംഭവത്തിൽ അന്വേഷണം 2 മാസത്തിനകം പൂർത്തിയാക്കണം. : മനുഷ്യാവകാശ കമ്മീഷൻ

Advertisement

കൊല്ലം : പുനലൂർ ഡീൻ ആശുപത്രിയിൽ പ്രസവസംബന്ധമായ ചികിത്സയ്ക്കിടയിൽ 2018 ഓഗസ്റ്റ് 23 ന് യുവതി മരിച്ചത് ചികിത്സാ പിഴവ് കാരണമാണെന്ന ഭർത്താവിന്റെ പരാതിയിൽ പുനലൂർ പോലീസ് രജിസ്റ്റർ ചെയ്ത 1611/2018 നമ്പർ ക്രൈം കേസിന്റെ അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

 കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി കൊല്ലം ജില്ലാ പോലീസ് മേധാവിക്കാണ്  (റൂറൽ)  ഉത്തരവ് നൽകിയത്.


 പുനലൂർ ഡപ്യൂട്ടി  പോലീസ് സൂപ്രണ്ട് റിപ്പോർട്ട് സമർപ്പിച്ചു.  കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് മെഡിക്കൽ എക്സ്പെർട്ട് പാനൽ  2021 ഒക്ടോബർ 28 ന് 

യോഗം ചേർന്നിരുന്നു. യോഗത്തിന്റെ മിനിറ്റ്സ് ജില്ലാ മെഡിക്കൽ ഓഫീസർ സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികയാണെന്നും വിശദീകരണത്തിൽ പറയുന്നു.

 പരാതിക്കാരൻ റിപ്പോർട്ടിനെതിരെ ആക്ഷേപം സമർപ്പിച്ചു.  നാളിതുവരെ പോലീസ് തന്നോട് വിവരങ്ങൾ ചോദിച്ചിട്ടില്ലെന്ന് പരാതിക്കാരൻ അറിയിച്ചു.  കുറ്റക്കാരായ ഡോക്ടർമാരുടെ പേരിൽ നടപടിയെടുക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.


 കേസന്വേഷണത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നും മതിയായ ജാഗ്രത ഉണ്ടായിട്ടില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.  രണ്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.  കൊട്ടാരക്കര ആറ്റുവാശ്ശേരിമുറിയിൽ കിരൺ ചന്ദ്രൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
Advertisement