കരുനാഗപ്പള്ളി: പുതിയകാവ്-ചക്കുവള്ളി റോഡിന്റെ റീടാറിങ് ഉടനടി പൂർത്തിയാക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് യുഡിഎഫ് കൊല്ലം ജില്ലാ ചെയർമാൻ കെ.സി.രാജൻ പറഞ്ഞു. തൊടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരമത്തുമഠം ജംഗ്ഷനിൽ നടത്തിയ റോഡ് ഉപരോധം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിർദിഷ്ട കാട്ടിൽക്കടവ് -പത്തനാപുരം സംസ്ഥാനപാതയായ പുതിയകാവ് – ചക്കുവള്ളി റോഡിന്റെ പണി 2019 ൽ മെറ്റാഗാർഡ് എന്ന കമ്പനി എടുത്തിട്ട് മൂന്നുവർഷത്തിലേറെയായി. ഒരു വർഷത്തിന് മുൻപ് ചക്കുവള്ളിയിൽ നിന്നും പണി ആരംഭിച്ചെങ്കിലും നാളിതുവരെ പണി പൂർത്തിയാക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ല.
നിരവധി വാഹനങ്ങൾ ഇടതടവില്ലാതെ ഗതാഗതം നടത്തുന്ന ഈ റോഡിന്റെ റീടാറിങ് ടെൻഡർ മെറ്റാഗാർഡ് എന്ന കമ്പനി എടുത്തിട്ട് ഏതാണ്ട് മൂന്നു വർഷത്തിലേറെയായി.16കോടി രൂപയാണ് ടെൻഡർ തുക. ഒരു വർഷമായി ചക്കുവള്ളിയിൽ നിന്നും പണി ആരംഭിച്ചിട്ട്.നാളിതുവരെ ഇതിന്റെ പണി പൂർത്തിയാക്കുവാൻ കരാറുകാരന് കഴിഞ്ഞിട്ടില്ല. തൊടിയൂർ മന്ദിരംമുക്ക് വരെ ടാർ ചെയ്‌തെങ്കിലും അവിടെനിന്നും പടിഞ്ഞാറോട്ടു 3 കിലോമീറ്റർ റോഡ് മന്ദിരംമുക്ക് മുതൽ തഴവ എ. വി. എച്ച്. എസ്. വരെ റോഡ് ജെ. സി. ബി. ഉപയോഗിച്ച് കൊത്തിയിളക്കി മെറ്റലും മണ്ണും
വിരിച്ച് കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ്.
വാഹനങ്ങൾ പോകുമ്പോഴുണ്ടാകുന്ന പൊടിപടലം മൂലം ശ്വാസകോശ സംബന്ധമായ അസുഖം വന്ന് നിരവധിയാളുകൾ ആശുപത്രിയിലാണ്.
ഈ റോഡുവക്കിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ മുന്നൂറോളം കുട്ടികൾ പഠിക്കുന്ന വേങ്ങറ ഗവ:എൽ.പി.സ്കൂളിലെ മിക്ക കുട്ടികളും അസുഖബാധിതരാണ്. ചുമയും ശ്വാസതടസവും കാരണം കുട്ടികളെ സ്കൂളിലയക്കാൻ രക്ഷകർത്താക്കൾ ഭയക്കുന്നു.
ഇത് സംബന്ധിച്ചു നിരവധി തവണ നാഷണൽ ഹൈവേ ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.
ഉപരോധത്തിന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ:കെ. എ. ജവാദ് അധ്യക്ഷനായി. തൊടിയൂർ രാമചന്ദ്രൻ, തൊടിയൂർ വിജയൻ,ചിറ്റുമൂല നാസർ, എൻ. അജയകുമാർ, നജീബ് മണ്ണേൽ, കെ. പി. രാജൻ, മുടിയിൽ മുഹമ്മദ് കുഞ്ഞ്, കെ ധർമദാസ്, തൊടിയൂർ വിജയകുമാർ, ടി. ഇന്ദ്രൻ, ബിന്ദു വിജയകുമാർ, ഷാനിമോൾ പുത്തൻവീട്ടിൽ, ഷിബു എസ്. തൊടിയൂർ, എ. ഷഹനാസ്, ഖലീലുദീൻ പൂയപ്പള്ളി,ചെട്ടിയത്ത് അജയകുമാർ, മായ, ജി. വിജയൻ ഉണ്ണിത്താൻ, ബി. മോഹനൻ എന്നിവർ പ്രസംഗിച്ചു.