കൊല്ലം: മേയറുടെ ഉത്തരവിന് പുല്ല് വില പോലും നൽകാതെ കോർപ്പറേഷൻ ഇരവിപുരം സോണൽ ഓഫീസിലെ ഉദ്യോഗസ്ഥർ. കഴിഞ്ഞമാസം 12ന് ഇരവിപുരം സോണൽ ഓഫീസിൽ നടന്ന ആദാലത്തിൽ ഇരവിപുരം പൊലീസ് സ്റ്റേഷന് സമീപത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന മൂന്ന് കടകൾ അടച്ചുപൂട്ടാൻ മേയർ ഉത്തരവിട്ടിരുന്നു.
എന്നാൽ ഇരവിപുരം സോണലിലെ ഉദ്യോഗസ്ഥർ ഈ ഉത്തരവ് നടപ്പാക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല, ഇപ്പോൾ തുറന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ മൂന്ന് കടകളിൽ രണ്ടെണ്ണം പ്രവർത്തിക്കുന്നില്ലെന്ന വ്യാജ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുകയാണ്.
ഇരവിപുരം രേവതിയിൽ പ്രഹ്ലാദന്റെ ഉടമസ്ഥതയിൽ ഇരവിപുരം പൊലീസ് സ്റ്റേഷന് സമീപമുള്ള മൂന്ന് മുറി കടകളുമായി ബന്ധപ്പെട്ടാണ് ഇരവിപുരം സോണൽ ഓഫീസിലെ ഉദ്യോഗസ്ഥരുടെ കള്ളക്കളി. ഈ മൂന്ന് മുറി കടകളിൽ ഒന്നിൽ ബിസിനസ് നടത്താനുള്ള ലൈസൻസെടുക്കാൻ, നാലുവർഷം മുമ്പ് ബന്ധുവിന് പ്രഹ്ലാദൻ എൻ.ഒ.സി നൽകിയിരുന്നു. വാടക നൽകാത്തതിനാൽ തന്റെ പേരിലുള്ള കടയ്ക്ക് നൽകിയിരിക്കുന്ന ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രഹ്ലാദൻ ഇരവിപുരം സോണൽ ഓഫീസിനെ സമീപിച്ചു. എന്നാൽ തീയതി രേഖപ്പെടുത്താതെ നൽകിയ എൻ.ഒ.സി റദ്ദാക്കാനാകില്ലെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥർ.
തുടർന്നാണ് മേയറുടെ അദാലത്തിൽ പരാതി നൽകിയത്. മേയർ പരാതി പരിഗണിച്ചപ്പോൾ, ‘ഒരിക്കൽ നൽകിയ എൻ.ഒ.സി റദ്ദാക്കാൻ കഴിയില്ല” എന്ന വിചിത്ര ന്യായം ഉദ്യോഗസ്ഥർ ആവർത്തിച്ചു. ‘അപ്പോൾ വാടക നൽകിയില്ലെങ്കിൽ കടയുടമ എന്ത് ചെയ്യും” എന്ന മേയറുടെ ചോദ്യത്തിന് ഉദ്യോഗസ്ഥർക്ക് ഉത്തരം ഉണ്ടായിരുന്നില്ല. ഇതിന് ശേഷം മേയർ രേഖാമൂലം നൽകിയ, ലൈസൻസ് ഇല്ലാത്ത കടകൾ അടച്ചുപൂട്ടണമെന്ന ഉത്തരവാണ് ഉദ്യോഗസ്ഥർ ഇപ്പോൾ അട്ടിമറിച്ചിരിക്കുന്നത്.
മേയറല്ല, മുഖ്യമന്ത്രി പറഞ്ഞാലും തന്റെ കാര്യം നടക്കില്ലെന്നാണ് കഴിഞ്ഞ ദിവസം ഇരവിപുരം സോണൽ ഓഫീസിലെ വനിതാ ഉദ്യോഗസ്ഥ പ്രഹ്ലാദനോട് ധിക്കാരത്തോടെ പറഞ്ഞത്.പ്രഹ്ലാദൻ ഒരു കടമുറിക്ക് നൽകിയ എൻ.ഒ.സി ഉപയോഗിച്ച് ബന്ധു മറ്റ് രണ്ട് കടകൾ കൂടി വാടകയ്ക്ക് നൽകിയിരുന്നു. പക്ഷെ ഒരു കടയ്ക്ക് മാത്രമേ ലൈസൻസ് എടുത്തിരുന്നുള്ളു. ഉടമ തന്നെ പരാതി നൽകിയിട്ടും ലൈസൻസ് ഇല്ലാത്ത കടകൾക്കെതിരെ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. ഒടുവിൽ അടുത്തിടെ പ്രഹ്ലാദൻ സ്വന്തം നിലയിലാണ് ഒരു കടമുറി ഒഴിപ്പിച്ചത്.കൈക്കൂലി നൽകിയാൽ ലൈസൻസ് വേണ്ടഇരവിപുരം സോണൽ ഓഫീസ് പരിധിയിൽ നൂറ് കണക്കിന് സ്ഥാപനങ്ങളാണ് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നത്. ഇതിന്റെ ഉടമകളിൽ നിന്ന് ചില ഉദ്യോഗസ്ഥർക്ക് കൈക്കൂലി കിട്ടുന്നതിനാൽ ഇത്തരം സ്ഥാപനങ്ങൾക്കെതിരെ യാതൊരു നടപടിയുമില്ല. ഇങ്ങനെ കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥരുടെ കീശ നിറയുമ്പോൾ ലൈസൻസ് ഫീ ഇനത്തിൽ പ്രതിവർഷം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് നഗരസഭയ്ക്ക് ഉണ്ടാകുന്നത്.