ഏറം തെക്ക് വാർഡിൽ കുടിവെളളം നിലച്ചിട്ട് രണ്ട് മാസം ചിറക്കരക്കാർ ചോദിക്കുന്നു കുടിവെള്ളമെവിടെ

Advertisement

ചിറക്കര ഗ്രാമപഞ്ചായത്തിലെ ഏറം തെക്ക് വാർഡിൽ കുടിവെളളം കിട്ടാക്കനിയാവുന്നു. ഈ പ്രദേശങ്ങളിൽ കുടിവെളളം നിലച്ചിട്ട് രണ്ടു മാസത്തോളമായി. വിമല സ്കൂളിന് സമീപം നൂറിലധികം കുടുംബങ്ങളുളള സെറ്റിൽമെന്റ് കോളനിയിലെ ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴും അധികൃതർക്ക് കുലുക്കമില്ല.

കുടിവെളള വിതരണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ ധർണ നടത്തേണ്ട അവസ്ഥ വരെ നാട്ടുകാർക്കുണ്ടായി. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ ദിവസം പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെളള വിതരണം ആരംഭിച്ചെങ്കിലും ഇത് എത്രനാൾ തുടരുമെന്ന് നിശ്ചയമില്ല.ദേശീയപാത വികസനം ദുരിതകാലമാകുമ്പോൾദേശീയപാത വികസനം തുടങ്ങിയതോടെയാണ് സെറ്റിൽമെന്റ് കോളനിയിലെയും തട്ടാരക്കോണം പെട്രോൾ പമ്പിന് സമീപ പ്രദേശങ്ങളിലെയും കുടുംബങ്ങളുടെ ദുരിതകാലം തുടങ്ങിയത്.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സർവീസ് റോഡുകളുടെ നിർമ്മാണവും വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനുള്ള കുഴിയെടുപ്പും കാരണം പൈപ്പ് ലൈനിലുണ്ടായ തകരാറാണ് കുടിവെള്ള വിതരണം നിലയ്ക്കാൻ കാരണമായത്. വേനലിന്റെ തുടക്കത്തിൽ തന്നെ ഈ പ്രദേശങ്ങളിലെ കിണറുകളിൽ വെള്ളം കുറയാൻ തുടങ്ങും. ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുമ്പ് കുടിവെള്ള വിതരണമുണ്ടായിരുന്നെങ്കിലും ഇക്കൊല്ലം നടപടികളൊന്നും ആംഭിച്ചിരുന്നില്ല.എല്ലാ വീടുകളിലും കുടിവെള്ളം എന്ന ലക്ഷ്യവുമായി ജൽജീവൻ മിഷൻ പദ്ധതി ആരംഭിക്കുകയും ഒട്ടുമിക്ക വീടുകളിലും പൈപ്പ് ലൈൻ സ്ഥാപിക്കുകയും ചെയ്തതോടെയാണ് ടാങ്കറിലുളള കുടിവെളള വിതരണം ഒഴിവാക്കിയത്. പഞ്ചായത്ത് പ്രദേശങ്ങളിലൂടെ കെ.ഐ.പി കനാൽ കടന്നുപോകുന്നതിനാൽ പരിസരങ്ങളിലെ കിണറുകളിൽ ജലനിരപ്പ് ഉയരുന്നത് വലിയൊരു ആശ്വാസമായിരുന്നു.കനാൽ ജലം ഇതുവരെയും തുറന്നു വിടാത്തതും സെറ്റിൽമെന്റ് കോളനിയുടെ ഭാഗത്ത് കൂടി കനാൽ കടന്നുപോകാത്തതും പ്രശ്നങ്ങൾ രൂക്ഷമാക്കിയിരിക്കുകയാണ്.

Advertisement