സത്യത്തിനെതിരെ നിൽക്കുന്ന ഹിംസ ലോകത്തിന് സമാധാനം നഷ്ടപ്പെടുത്തുന്നു :നോബൽ പുരസ്‌കാര ജേതാവ് ജെറിവൈറ്റ്

Advertisement

ശാസ്താംകോട്ട : സമാധാന നോബൽ പുരസ്‌കാര ജേതാവും, വൺ മില്ല്യൺ യൂത്ത് ഫോർ പീസ് എന്ന സന്ദേശവുമായി ലോക സമാധാനത്തിനുവേണ്ടിസാൻഫ്രാൻസിസ്‌കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് റിലീജിയൺ ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ ഡയറക്ടറുമായ ജെറി വൈറ്റ് ശാസ്താംകോട്ട ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ സന്ദർശിച്ചുകൊണ്ട് സംസാരിച്ചപ്പോഴാണ് സത്യത്തിനെതിരെ നിൽക്കുന്ന ഹിംസ ലോകത്തിന് സമാധാനം നഷ്ടപ്പെടുത്തുന്നു എന്ന് അഭിപ്രായപ്പെട്ടത്.നീതിയില്ലാതാകുമ്പോൾ സമാധാനം നഷ്ടപ്പെടുന്നുവെന്നും സത്യം സമാധാനം നീതി എന്നിവയ്ക്കു വേണ്ടിയാണ് താൻ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രായഭേദമന്യേ സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളെ അപലപിച്ച അദ്ദേഹം പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെയും ചൂണ്ടിക്കാണിച്ചു.ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ നടന്ന ആഘോഷപൂർണ്ണമായ ചടങ്ങിൽ കേരളീയ ശൈലിയിൽ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ആരതിയുഴിഞ്ഞാണ് ജെറിയേയും സംഘത്തെയും സ്വീകരിച്ചത്.

ലോകത്തിലെ വിവിധ സംസ്കാരങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് ഒരു സാംസ്‌കാരിക വിനിമയം സാധ്യമാക്കുന്നതിനായി രൂപം കൊണ്ട ബ്രുക്ക് ഇന്റർനാഷണൽ കാഴ്ച ആർട്ട്‌ അക്കാഡമിയുടെ ആദ്യ നാടകമായ അഥീനയുടെ അവതരണത്തിനുംഅദ്ദേഹം സാക്ഷ്യം വഹിച്ചു.

Advertisement