ചര്‍മ മുഴ രോഗം,എല്ലാ പശുക്കള്‍ക്കും ഒരുമാസത്തിനകം കുത്തിവയ്പ്പ് – മന്ത്രി

Advertisement

ചര്‍മ മുഴ രോഗം ഇല്ലാതാക്കുന്നത് ലക്ഷ്യമാക്കി സംസ്ഥാനത്തുള്ള പശുക്കള്‍ക്കെല്ലാം ഒരു മാസത്തിനകം പ്രതിരോധ കുത്തിവയ്പ്പ് പൂര്‍ത്തിയാക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. വാക്‌സിന്‍ നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനവും കര്‍ഷകര്‍ക്കായി മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന 10 മുട്ടക്കോഴികളും കൂടും പദ്ധതിയുടെ വിതരണോദ്ഘാടനവും ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ചര്‍മ മുഴ പ്രതിരോധത്തിന് 10 ലക്ഷം ഡോസ് വാക്‌സിന്‍ സംഭരിച്ചു കഴിഞ്ഞു. മൃഗങ്ങളിലേക്ക് പലവിധ രോഗങ്ങള്‍ പടരുന്ന പശ്ചാത്തലത്തില്‍ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ജില്ലയില്‍ ചര്‍മ മുഴ കുത്തിവയ്പ്പിനായി 120 സ്‌ക്വാഡുകളുണ്ട്. ഒരു ലക്ഷത്തിലധികം പശുക്കളാണ് ജില്ലയില്‍. അവയ്ക്കായി 86,650 ഡോസ് വാക്‌സിന്‍ സംഭരിച്ചു. വൈറസ് രോഗമായതിനാല്‍ പുറത്ത് നിന്ന് കൊണ്ടുവരുന്ന പശുക്കള്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. രോഗനിര്‍ണയത്തിനായി സംസ്ഥാന മൃഗരോഗനിര്‍ണയ കേന്ദ്രത്തെ ആധുനീകരിക്കും.  
നായ്ക്കളുടെ വന്ധ്യംകരണവും പേവിഷ പ്രതിരോധകുത്തിവയ്പ്പും ശക്തിപ്പെടുത്തി. തദ്ദേശീയവാക്‌സിന്‍ വികസിപ്പിക്കുന്നതിന് ബയളോജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കൂടുതല്‍ മരുന്നുകള്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ തേടിയിട്ടുമുണ്ട്.
രോഗബാധയിലൂടെ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരവും നല്‍കുന്നു. പക്ഷിപ്പനിയിലൂടെയുള്ള നഷ്ടം നികത്താന്‍ നാലു കോടി രൂപ, പന്നികര്‍ഷകര്‍ക്ക് 86 ലക്ഷം എന്നിങ്ങനെ ലഭ്യമാക്കി.
വരുമാനം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമാക്കിയുള്ള മുട്ടക്കോഴി വളര്‍ത്തലിനായി എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും അവയെ ലഭ്യമാക്കുകയാണ്. 10 കോഴിയും കൂടും നല്‍കുന്ന പദ്ധതിയുടെ ചിലവായ 15,000 രൂപയില്‍ 9,500 രൂപയും ഗുണഭോക്താവിന് സബ്‌സിഡിയായി നല്‍കുകയാണ്. ജില്ലയില്‍ 170 പേര്‍ക്കാണ് നല്‍കിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ. അജിലാസ്റ്റ്, കൗണ്‍സിലര്‍ ബി. ഷൈലജ, എ.ഡി.സി.പി പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എസ്. സിന്ധു, ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. പ്രിയ, പ്രോഗ്രാം കോര്‍ഡിനേറ്റര്‍  ഡോ. വി. സുകുമാരന്‍ നായര്‍, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഡി. ഷൈന്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement