പുനലൂരില്‍ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് നഗരസഭ താഴിട്ടു പൂട്ടി

Advertisement

പുനലൂര്‍.വാടക കുടിശിക വരുത്തിയ സിപിഎം ന്റെ ലോക്കൽ കമ്മിറ്റി ഓഫീസ് നഗര സഭ താഴിട്ടു പൂട്ടി. 4.57 ലക്ഷം രൂപ വാടകക്കുടിശ്ശികയുമായി പുനലൂർ നഗരസഭയുടെ വ്യാപാരസമുച്ചയത്തിൽ പ്രവർത്തിച്ചുവന്ന സി.പി.എം.ലോക്കൽ കമ്മിറ്റി ഓഫീസ് റവന്യൂവിഭാഗം അധികൃതർ പൂട്ടി മുദ്രവെച്ചത്.പ്രതിപക്ഷത്തെ യു.ഡി.എഫ്. കൗൺസിലർമാരുടെ പ്രതിഷേധത്തെത്തുടർന്നായിരുന്നു നടപടി.

റവന്യൂ വരുമാനം പരമാവധി വർധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായാണ് പുനലൂർ നഗരസഭ വാടകകുടിശ്ശികവരുത്തിയ വ്യാപാരസ്ഥാപനങ്ങൾ പൂട്ടാൻ തീരുമാനം എടുത്തത്.
കഴിഞ്ഞ ദിവസം കുടിശ്ശികവരുത്തിയ വ്യാപാരസ്ഥാപനങ്ങൾ പൂട്ടാൻ എത്തിയ റവന്യൂ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള നഗരസഭ ഉദ്യോഗസ്ഥരെ പ്രതിപക്ഷ യു.ഡി.എഫ്. കൗൺസിലർമാരുo കോൺഗ്രസ് നേതാക്കളും ചേർന്ന് തടയുകയായിരുന്നു.നഗരസഭ വ്യാപാര സമുച്ചയത്തിൽ പ്രവർത്തിക്കുന്ന കുടിശ്ശികയുള്ള സി.പി.എം. ഓഫീസ് പൂട്ടാതെ മറ്റുള്ള കടകൾ പൂട്ടാൻ അനുവദിക്കില്ലെന്നായിരുന്നു യുഡിഎഫ് നിലപാട്. പ്രതിഷേധം കനത്തതോടെ ഉദ്യോഗസ്ഥർ ലോക്കൽ കമ്മിറ്റി ഓഫീസ് പൂട്ടി മുദ്രവയ്ക്കുകയായിരുന്നു.4.57 ലക്ഷം രൂപ വാടകക്കുടിശ്ശികയായി സി.പി.എം.ലോക്കൽ കമ്മിറ്റി നൽകാനുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അജ്മല്‍ എന്ന വ്യക്തിയുടെ പേരിലാണ് പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തിക്കുന്ന മുറി.

ചെമ്മന്തൂരിലെ സ്വകാര്യ ബസ്‌സ്റ്റാൻഡിലെ സമുച്ചയത്തിൽ പ്രവർത്തിച്ചുവന്ന ചെമ്മന്തൂർ ലോക്കൽ കമ്മിറ്റി ഓഫീസാണ് പൂട്ടിയത്.
വസ്തുനികുതിയിനത്തിൽ സർക്കാർ ഓഫീസുകളിൽനിന്നുള്ള കുടിശ്ശിക ഈടാക്കാൻ റവന്യൂ റിക്കവറി നടപടി ആരംഭിച്ചതിനു പിന്നാലെയാണിത്. 55 ലക്ഷം രൂപയാണ് കടമുറികളുടെ വാടകക്കുടിശ്ശികയിനത്തിൽ ലഭിക്കാനുള്ളതെന്ന് നഗരസഭാധികൃതർ പറഞ്ഞു.ഇതുവരെ 19 കടകളും പൂട്ടി.
സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഇടതുമുന്നണി സ്ഥിരമായി ഭരിക്കുന്ന നഗരസഭയിലാണ് നടപടി.

Advertisement