ആനയടി ഗജമേളയ്ക്ക് എത്തുന്നത് ചിറയ്ക്കൽ കാളിദാസനും തൃക്കടവൂർ ശിവരാജുവും പാമ്പാടി രാജനും ഉൾപ്പെടെ കേരളത്തിലെ പ്രമുഖ ഗജവീരന്മാർ

Advertisement

ആനയടി: തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ഗജോല്‍സവമായ ആനയടി ഗജമേളയ്ക്ക് എത്തുന്നത് ചിറയ്ക്കൽ കാളിദാസനും തൃക്കടവൂർ ശിവരാജുവും പുതുപ്പള്ളി കേശവനും പാമ്പാടി രാജനും ഉൾപ്പെടെ കേരളത്തിലെ പ്രമുഖരും തലയെടുപ്പുമുള്ള ഗജവീരന്മാർ.ഞായറാഴ്ച വൈകിട്ട് 5 മുതലാണ് ചരിത്ര പ്രസിദ്ധമായ ആനയടി ഗജമേള നടക്കുന്നത്.എഴുപതിൽപ്പരം കരിവീരന്മാർ ഗജമേളയിൽ അണിനിരക്കും.ഉദ്ദിഷ്ടകാര്യ സിദ്ധിക്കായി ഭക്തജനങ്ങൾ ആനയെ നേർച്ചയായി എഴുന്നെള്ളിക്കുന്നതാണ് പഴയിടം നരസിംഹ സ്വാമി ക്ഷേത്രത്തിലെ പ്രധാന വഴിപാട്.

ഗജമേളയ്ക്ക് നരസിംഹ പ്രിയൻ ആനയടി ദേവസ്വം അപ്പു ദേവസ്വം തിടമ്പേറ്റും.ചെർപ്പുളശ്ശേരി അനന്ത പദ്മനാഭൻ,തെച്ചിക്കോട്ടുകാവ് ദേവീദാസൻ,അമ്പാടി ബാലനാരായണൻ,ചെർപ്പുളശ്ശേരി വല്യ അയ്യപ്പൻ,ഉഷശ്രീ ശങ്കരൻ കുട്ടി,ഈരാറ്റുപേട്ട അയ്യപ്പൻ,പാറന്നൂർ നന്ദൻ,വൈലാശേരി അർജുനൻ,ലിബർട്ടി ഉണ്ണിക്കുട്ടൻ,നടയ്ക്കൽ ഉണ്ണിക്കുട്ടൻ,കാണാവിള ശിവനാരായണൻ,ചെത്തല്ലൂർ മുരളികൃഷ്ണൻ,മീനാട് വിനായകൻ,വലിയവീട്ടിൽ ഗണപതി, പുത്തൻകുളം അനന്തപത്മനാഭൻ,ഗുരുവായൂർ ദേവസ്വം വലിയ വിഷ്ണു,ഗുരുവായൂർ ദേവസ്വം ദാമോദർദാസ്,ഗുരുവായൂർ ദേവസ്വം ചെന്താമരാക്ഷൻ,വേമ്പനാട് അർജുനൻ,പുത്തൻകുളം മോദി,പുത്തൻകുളം കേശവൻ,തടത്താവിള സുരേഷ്,പെരിങ്ങിലിപ്പുറം അപ്പു,പനയന്നാർകാവ് കാളിദാസൻ,ചെത്തല്ലൂർ ദേവീദാസൻ ഉൾപ്പെടെയുളള ഗജവീരന്മാർ ആനയടി ഗജമേളയ്ക്ക് അഴക് പകരും.ചിറയ്ക്കൽ കാളിദാസനും തൃക്കടവൂർ ശിവരാജുവും പുതുപ്പള്ളി കേശവനും പാമ്പാടി രാജനും ഉൾപ്പെടെയുളള ആനകൾക്ക് കേരളത്തിനകത്തും പുറത്തും വലിയ ആരാധകവൃന്ദമാണ് ഉള്ളത്.


കോവിഡ് മഹാമാരിക്കുശേഷം നടക്കുന്ന ഗജമേള ആസ്വദിക്കാൻ ഇക്കുറി ആനപ്രേമികളടക്കം ലക്ഷക്കണക്കിനാളുകൾ എത്തുമെന്നാണ് കണക്കാക്കുന്നത്. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ആനയായ തൃക്കടവൂർ ശിവരാജു ഉൾപ്പെടെയുള്ള ഗജവീരന്മാരുടെ ഏക്കതുക തന്നെ ലക്ഷങ്ങൾ കടക്കുമെന്നാണ് അറിയുന്നത്.ഗജമേളയ്ക്ക് മാറ്റുകൂട്ടാൻ തൃശൂർ പൂരം തിരുവമ്പാടി വിഭാഗം പൂര പ്രമാണി വാദ്യകലാരത്നം കിഴക്കൂട്ട് അനിയൻമാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളവും നടക്കും.