കേരളത്തിന്‍റെ പ്രമുഖ ഗജവീരന്മാര്‍ നിരക്കുന്ന ഗജമേളയും ആറാട്ടും നാളെ
ആനയടി: ആനയടി പഴയിടം നരസിംഹ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടന്ന നേർച്ച ആന എഴുന്നള്ളത്തും ആനയൂട്ടും ദർശിക്കാൻ ഭക്തജനപ്രവാഹം.ഇന്ന് രാവിലെ 8.30 മുതലാണ് നേർച്ച ആന എഴുന്നള്ളത്ത് ആരംഭിച്ചത്.നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആയിരുന്ന എഴുന്നള്ളത്ത്.
ക്ഷേത്രത്തിന് ചുറ്റും ഒരു തവണ വീതം ആനകൾ വലം വച്ച് പ്രദക്ഷിണം നടത്തി.ഇക്കുറി ആയിരത്തിലധികം ഭക്തർ നേർച്ച എഴുന്നള്ളത്തിന് ബുക്ക് ചെയ്തിട്ടുണ്ട്.എഴുന്നള്ളത്തിന് ശേഷം നടന്ന ആനയൂട്ടിൽ നിരവധി ഗജവീരന്മാർ പങ്കെടുത്തു.ആനപ്രിയനായ ശ്രീ നരസിംഹ സ്വാമിയുടെ തിരുസന്നിധിയിൽ ഗജശ്രേഷ്ഠർക്ക് വിശിഷ്ട വിഭവങ്ങൾ ഒരുക്കിയാണ് ആനയൂട്ട് നടന്നത്.
തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ.കീഴ്ത്താമരശ്ശേരി രമേശ് ഭട്ടതിരിപ്പാട് ചടങ്ങിൽ പങ്കെടുത്തു.നേർച്ച ആന എഴുന്നള്ളത്ത് വൈകിട്ട് 4നും 6.30 ന് ദീപാരാധനയ്ക്ക് ശേഷവും വീണ്ടും നടക്കും.വൈകിട്ട് 5.30 ന് പാൽപ്പായസ സദ്യ ,രാത്രി 11ന് പള്ളിവേട്ട എന്നിവയും ഉണ്ടാകും.