ശൂരനാട്. ആനയടി പഴയിടം നരസിംഹ സ്വാമിക്ഷേത്രത്തിലെ നേര്‍ച്ച ആനയെഴുന്നള്ളത്ത് ഭക്തിസാന്ദ്രമായി. ആയിരത്തോളം നേര്‍ച്ച റജിസ്‌ട്രേഷനാണ് നടന്നത്. ഇന്നു രാവിലെ മുതല്‍ തുടങ്ങിയ എഴുന്നള്ളത്ത് രാത്രി വൈകുവോളം തുടരും.
നേര്‍ച്ച എന്നാല്‍ ഒരു തവണ ആന ക്ഷേത്രത്തിന് പ്രദക്ഷിണം വയ്ക്കണം. അഭീഷ്ട കാര്യസിദ്ധിക്കാണ് നേര്‍ച്ച.
കേരളത്തിലെ വമ്പും ഗാംഭീര്യവുമുള്ള കൊമ്പന്മാരാണ് ആനയടി ഗ്രാമത്തില്‍ ആവേശമായി നിരക്കുന്നത്. തൃശൂര്‍ പൂരത്തിന് നിരക്കുന്നതിന്റെ ഇരട്ടി കൊമ്പന്മാര്‍ നിരക്കുന്ന ഉല്‍സവത്തിന് പക്ഷേ ടൂറിസം വകുപ്പിന്റെ കണ്ണ് നന്നായി പതിഞ്ഞിട്ടില്ലെന്ന ആക്ഷേപമുണ്ട്.
ഈ ഒറ്റപ്പൂരം എടുത്തുകാട്ടി ആയിരക്കണക്കിന് വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാമെന്നിരിക്കിലും അത് വിനോദസഞ്ചാരവകുപ്പ് ശ്രദ്ധിച്ചിട്ടില്ല. ക്ഷേത്രകമ്മിറ്റി നടത്തുന്ന ശ്രമങ്ങള്‍മാത്രമാണ് ഇപ്പോഴുള്ളത്. കളിയല്ല 70ല്‍ പരം ആനകള്‍ നിരക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ പലതുണ്ട്. നിയമങ്ങള്‍ നന്നായി പാലിക്കണം.
ശൂരനാട് വടക്ക് പഞ്ചായത്തിലെ ആനയടി മേഖലയാകെ ചങ്ങലകിലുക്കവും ആനഫാന്‍സുകാരുടെ ബഹളവുമായി അപൂര്‍വ്വ കാഴ്ചയാണിപ്പോള്‍. ഏത് ഇടവഴിയിലും ചങ്ങല കിലുങ്ങും. ഏത് വഴിയും ആനയടിയിലേക്ക് നീങ്ങും.
പഴയ തലമുറയ്ക്ക് ആനയുടെ എണ്ണമായിരുന്നുമുഖ്യം. പുതുതലമുറ ആന ഫാന്‍സ് സമിതികളുണ്ട്. അവര്‍ ആനത്തറികള്‍ വരെയാണ് ഒരുക്കുന്നത്. തലയെടുപ്പുള്ള കേരളത്തിലെ ആനസുന്ദരന്മാര്‍ കുളിച്ച് സുന്ദരന്മാരായി ചങ്ങലക്കിലുക്കത്തിനുപുറമേ കാല്‍ചിലമ്പുപോലും അണിഞ്ഞ് ആ തറകളില്‍ നില്‍ക്കും. ഒരു ദിനം അവര്‍ക്ക് ചുറ്റും ആരാധക വൃന്ദത്തിന്റെ ആര്‍പ്പും ആരവവുമാണ്. ഇഷ്ടഭക്ഷണം വേറേ.
ആനയടി ആനപ്രേമികളുടെ ഒരു സ്വപ്‌നരാജ്യമാണ് ഈ ദിവസങ്ങളില്‍ .