ചാത്തന്നൂർ : ചിറക്കര പഞ്ചായത്ത് ഓഫീസിന് സമീപം സ്വകാര്യ പുരയിടത്തിൽ പുല്ലിന് തീ പിടിച്ചു വൻ ദുരന്തം ഒഴിവായി.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു തീപിടുത്തം ഉണ്ടായത്. ഒരേക്കർ വരുന്ന പുരയിടത്തിൽ വർഷങ്ങളായി കൃഷി ചെയ്യാതെ കിടക്കുന്നതിനാൽ ഒരാൾ പൊക്കത്തിൽ പുല്ലു വളർന്ന് കാടായി നിൽക്കുകയാണ് . പട്ടികജാതി കോളനി ഉൾപ്പെടെ നിരവധി വീടുകൾ ഈ വസ്തുവിന്റെ അതിർത്തിയിൽ ഉണ്ട് , ഇപ്പോൾ ചൂടു കൂടുതലായതിനാൽ പുല്ല് ഉണങ്ങി നിൽക്കുകയാണ് .പലതവണ വസ്തുവിന്റെ ഉടമയെ വിവരമറിയിച്ചെങ്കിലും ഉടമ പുല്ലുവെട്ടി മാറ്റാൻ തയ്യാറായില്ല എന്നാണ് നാട്ടുകാരുടെ പരാതി. നാട്ടുകാരും പരവൂരിൽ നിന്ന് എത്തിയ ഫയർഫോഴ്സും ചേർന്ന് തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.