സ്വന്തം ലേഖകൻ
ശൂരനാട്. ആനയടിക്ക് അഴകിന്റെ കരിമഷിയെഴുതി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉല്‍സവത്തിന്റെ ഭാഗമായുള്ള ഗജമേള ഇന്ന് വൈകിട്ട് നടക്കും. കേരളത്തിലെ ആനപ്രേമികളുടെ ആവേശമായ ചിറയ്ക്കൽ കാളിദാസൻ, തൃക്കടവൂർ ശിവരാജു, പുതുപ്പള്ളി കേശവൻ, പാമ്പാടി രാജൻ ഉൾപ്പെടെ തലയെടുപ്പുള്ള 70തിലേറെ കരിവീരൻമാരാണ് ഗജമേളയുടെ ഭാഗമാവുക. ഉച്ച കഴിയുന്നതോടെ ക്ഷേത്രത്തിന് സമീപത്തെ വിശാലമായ വയൽ പരപ്പിൽ അർധ ചന്ദ്രാകൃതിയിലാണ് ഗജമേളയ്ക്കായി ആനകൾ അണിനിരക്കുക.
ഉദ്ദിഷ്ടകാര്യ സിദ്ധിക്കായി ഭക്തർ ആനയെ നേർച്ചയായി എഴുന്നെള്ളിക്കുന്നതാണ് പഴയിടം നരസിംഹ സ്വാമി ക്ഷേത്രത്തിലെ പ്രധാന വഴിപാട്.
ഇതിന് പുറമെ ശൂരനാട്ടെ വിവിധ ഗ്രാമീണ സമിതികളും യുവജന കൂട്ടായ്മകളും ഗജമേളയ്ക്കായി കരിവീരനെ എത്തിച്ചിട്ടുണ്ട്.
നരസിംഹ പ്രിയൻ ആനയടി അപ്പു ഭഗവാന്റെ തിടമ്പേറ്റി ഗജമേളയുടെ ഭാഗമാകും. ചെർപ്പുളശ്ശേരി അനന്ത പദ്മനാഭൻ,തെച്ചിക്കോട്ടുകാവ് ദേവീദാസൻ, അമ്പാടി ബാലനാരായണൻ, ചെർപ്പുളശ്ശേരി വല്യ അയ്യപ്പൻ, ഉഷശ്രീ ശങ്കരൻ കുട്ടി, ഈരാറ്റുപേട്ട അയ്യപ്പൻ, പാറന്നൂർ നന്ദൻ, വൈലാശേരി അർജുനൻ, ലിബർട്ടി ഉണ്ണിക്കുട്ടൻ, നടയ്ക്കൽ ഉണ്ണിക്കുട്ടൻ, കാണാവിള ശിവനാരായണൻ, ചെത്തല്ലൂർ മുരളികൃഷ്ണൻ, മീനാട് വിനായകൻ, വലിയവീട്ടിൽ ഗണപതി, പുത്തൻകുളം അനന്തപത്മനാഭൻ,ഗുരുവായൂർ ദേവസ്വം വലിയ വിഷ്‌ണു, ഗുരുവായൂർ ദേവസ്വം ദാമോദർദാസ്, ഗുരുവായൂർ ദേവസ്വം ചെന്താമരാക്ഷൻ, വേമ്പനാട് അർജുനൻ, പുത്തൻകുളം മോദി, പുത്തൻകുളം കേശവൻ ,തടത്താവിള സുരേഷ്, പെരിങ്ങിലിപ്പുറം അപ്പു, പനയന്നാർകാവ് കാളിദാസൻ, ചെത്തല്ലൂർ ദേവീദാസൻ ഉൾപ്പെടെയുളള കരിവീരൻമാരും ആനയടി ഗജമേളയുടെ അഴകിന്റെ ഭാഗമാകും.
ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ആനയായ തൃക്കടവൂർ ശിവരാജു ഉൾപ്പെടെയുള്ള ഗജവീരന്മാരുടെ ഏക്കതുക തന്നെ ലക്ഷങ്ങൾ കടക്കുമെന്നാണ് വിവരം. തൃശൂർ പൂരം തിരുവമ്പാടി വിഭാഗം പൂര പ്രമാണി വാദ്യകലാരത്നം കിഴക്കൂട്ട് അനിയൻമാരാരും സംഘവും ഗജമേളയ്ക്ക് പെരുമ കൂട്ടാൻ പാണ്ടിമേളത്തിന്‍റെ പെരുമഴ പെയ്യിക്കും.
ഏറ്റവും കൂടുതൽ ആനകൾ ഒരേ സമയം പങ്കെടുക്കുന്ന ഏഷ്യയിലെ ഏക ഗജമേള എന്ന ഖ്യാതിയും ആനയടിക്ക് സ്വന്തമാണ്. ഇത്തവണ 70തിലേറെ ആനകൾ അണിനിരക്കുമ്പോൾ ആനയടിയുടെ ആന പെരുമ ഉയരും. കേന്ദ്ര ടൂറിസം മന്ത്രിമാർ വരെ , രാജ്യത്ത് ഇത്രയധികം ആനകൾ ഒരുമിച്ച് അണിനിരക്കുന്ന ഗജമേളകൾ മറ്റെങ്ങും നടക്കുന്നില്ലെന്ന് ആനയടി ദേവസ്വം ഭാരവാഹികളോട് മുമ്പ് പറഞ്ഞിട്ടുണ്ട്. വിദേശ ടൂറിസ്റ്റുകളും വിദേശത്ത് നിന്നുള്ള പഠന സംഘങ്ങളും വൻ തോതിൽ ആനയടിയിൽ എത്തിയിട്ടുണ്ട്.
ഗജമേളയ്ക്കായി എത്തിച്ച ആനകളുടെ ബാഹുല്യത്താൽ ആനയടിയുടെ വിവിധ ഭാഗങ്ങൾ കഴിഞ്ഞ കുറെ ദിവസങ്ങളായി ആന താവളങ്ങളായി മാറിയിട്ടുണ്ട്. ആനകളെ ചമയങ്ങളില്ലാതെ അടുത്ത് കാണുന്നതിനായി ഇത്തരം കേന്ദ്രങ്ങളിലും വൻ ജനതിരക്കാണ് അനുഭവപ്പെടുന്നത്.
കൊവിഡിന് ശേഷം നടക്കുന്ന ഗജമേളയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ആളുകൾ എത്തുമെന്നാണ് പൊലീസും ആനയടി ദേവസ്വവും പ്രതീക്ഷിക്കുന്നത്. ഇന്നലെ നേർച്ച ആന എഴുന്നള്ളിക്കലിനടക്കം വൻ തിരക്കാണ് അനുഭവപ്പെട്ടത്.ആയിരത്തില്‍പരം ആന നേര്‍ച്ചയാണ് നടന്നത്. എത്ര ജനങ്ങൾ എത്തിയാലും ഭംഗിയായി ഗജമേള കാണാൻ സൗകര്യം ദേവസ്വവും സർക്കാർ വകുപ്പുകളും ക്രമീകരിച്ചിട്ടുണ്ട്.
ആനകളെ വിവിധ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമാണ് ഗജമേളയിൽ പങ്കെടുപ്പിക്കുക. മദപ്പാടിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന ആനകളെ പങ്കെടുപ്പിക്കില്ല. ആൾക്കൂട്ടത്തിൽ വച്ച് ആനയിടഞ്ഞാലും ഉടനടി തളയ്ക്കാനുള്ള സംവിധാനങ്ങൾ ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്. 50 ലക്ഷം രൂപയ്ക്ക് ഉത്സവം ഇൻഷുർ ചെയ്ത് കഴിഞ്ഞു.