ആനചന്തത്തിന്‍റെ അഴക് ചാർത്തി കരിവീരൻമാർ അണിനിരന്നു: ആനയടി ഗജമേള വിസ്മയമായി

Advertisement

ശാസ്താംകോട്ട: ആനചന്തത്തിന്റെ അഴക് വിടർത്തി ആനയടിയിൽ നടന്ന ഗജമേള നയനാനന്ദകരമായി.ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിലെ തിരുത്സവത്തിന് സമാപനം കുറിച്ച് നടന്ന ഗജമേള സായന്തന സൂര്യനെ സാക്ഷിയാക്കി വൈകിട്ട് അഞ്ചോടെയാണ് ആരംഭിച്ചത്.ക്ഷേത്രത്തിനു സമീപത്തെ വിശാലമായ വയൽപരപ്പിൽ അർദ്ധചന്ദ്രാകൃതിയിലാണ് ഗജമേളയ്ക്കായി ആനകൾ അണിനിരന്നത്.
ചിറയ്ക്കൽ കാളിദാസനും തൃക്കടവൂർ ശിവരാജുവും പുതുപ്പള്ളി കേശവനും പാമ്പാടി രാജനും ഉൾപ്പെടെ കേരളത്തിലെ പ്രമുഖ ഗജശ്രേഷ്ഠരോടൊപ്പം നേർച്ചയായി എഴുന്നെള്ളിച്ച നാൽപ്പതിൽപ്പരം ഗജവീരന്മാരും അണിനിരന്നു.തലയെടുപ്പോടെ എഴുപതിലധികം കരിവീരന്മാർ ആനയടി ഗ്രാമത്തിന് ആനച്ചന്തത്തിന്റെ
അഴക് വിടർത്തി നിരന്നു.

നരസിംഹ പ്രിയൻ ആനയടി അപ്പു ദേവന്റെ തിടമ്പേറ്റി.കത്തിക്കാളുന്ന മകരച്ചൂടിനെ പോലും അവഗണിച്ച് പകൽ മൂന്ന് മുതൽ വിദേശികൾ ഉൾപ്പെടെ ആയിരങ്ങളാണ് പൂര നഗരിയിലേക്ക് ഒഴുകിയെത്തിയത്.തൃശൂർ പൂരം തിരുവമ്പാടി വിഭാഗം പൂര പ്രമാണി വാദ്യ കലാരത്നം കിഴക്കൂട്ട് അനിയൻമാരാർ അവതരിപ്പിച്ച പാണ്ടിമേളം
ഗജമേളയ്ക്ക് ഭക്തിസാന്ദ്രമായ നാദതാള വിസ്മയം പകർന്നു.ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന ദേവന്റെ ഗ്രാമ പ്രദക്ഷിണവും കെട്ടുകാഴ്ച മഹോത്സവവും ഭക്തിനിർഭരമായി.

Advertisement