സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വിരോധം: സഹോദരിയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ആള്‍ പിടിയില്‍

Advertisement

കൊല്ലം .സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വിരോധത്തില്‍ സഹോദരിയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ആള്‍ പിടിയില്‍. പേരൂര്‍ താഴതില്‍ വീട്ടില്‍ അരുണ്‍(29) ആണ് കിളികൊല്ലൂര്‍ പോലീസിന്‍റെ പിടിയിലായത്. കുടുംബസ്വത്ത് ഭാഗം വക്കുന്നതുമായി ബന്ധപ്പെട്ട് ഇവര്‍ക്കിടയില്‍ നിലനിന്നിരുന്ന തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്.

പ്രതിയുടെ സഹോദരിയായ അശ്വതി വിവാഹ ബന്ധം വേര്‍പെടുത്തി മാതാവിനോടൊപ്പം വീട്ടില്‍ താമസിക്കുന്നതില്‍ സഹോദരനായ അരുണിന് കടുത്ത പ്രതിഷേധം ഉണ്ടായിരുന്നു. ഇതിനിടയില്‍ അശ്വതി കുടുംബ സ്വത്തില്‍ അവകാശം ഉന്നയിച്ചതാണ് പ്രതിയെ പ്രകോപിതനാക്കിയത്. 21 ആം തീയതി മാതാവിനൊപ്പം പുറത്ത് പോയി വന്ന സഹോദരിയെ ഇയാള്‍ പുറത്താക്കി വീട് പൂട്ടി. ഇതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് അക്രമാസക്തനായ പ്രതി കൊല്ലുമെന്ന് ഭീഷണി മുഴക്കിക്കൊണ്ട് കൈയ്യില്‍ കിട്ടിയ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അശ്വതിയെ ആക്രമിക്കുകയുമായിരുന്നു.

പ്രതിയുടെ ആക്രമണത്തില്‍ യുവതിയുടെ തലക്ക് മുറിവേല്‍ക്കുകയും കൈവിരലിന് പൊട്ടല്‍ സംഭവിക്കുകയും ചെയ്യ്തു. ഇതില്‍ മാതാവിന്‍റെ പരാതിയെ തുടര്‍ന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ കിളികൊല്ലൂര്‍ പോലീസ് കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്യ്ത് പ്രതിയെ പിടികൂടുകയായിരുന്നു. കൊല്ലം അസിസ്റ്റന്‍റ് കമ്മീഷണര്‍ അഭിലാഷിന്‍റെ നിര്‍ദ്ദേശാനുസരണം കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷന്‍ എസ്ഐ മാരായ സുകേഷ്, സന്തോഷ് സിപിഓ മാരായ സാജ്, പ്രശാന്ത്, ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement