കൊട്ടിയം: ദൃശ്യവിസ്മയ കാഴ്ചയൊരുക്കി തഴുത്തല ഗജമേള കൊട്ടിയം ജംഗ്ഷനിൽ അരങ്ങേറി. സ്വദേശികളും വിദേശികളുമടക്കം പതിനായിരങ്ങളാണ് ഗജമേള കാണാനെത്തിയത്. കണ്ണനല്ലൂർ റോഡ് മനുഷ്യക്കടലാകും വിധത്തിൽ റോഡ് കാണികളെ കൊണ്ട് നിറഞ്ഞിരുന്നു.തഴുത്തല ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ അവിട്ടം തിരുനാൾ മഹോൽസവത്തിന്റെ ഭാഗമായിട്ടാണ് ഗജമേള നടന്നത്. രാവിലെ ക്ഷേത്രത്തിൽ ആന നീരാട്ടും ആനയൂട്ടും നടന്നിരുന്നു. വൈകിട്ട് നാലോടെ ക്ഷേത്രത്തിന് മുന്നിൽ അണിനിരന്ന ആനകൾ രണ്ടായി തിരിഞ്ഞ് ആറു മണിയോടെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊട്ടിയം ജംഗ്ഷനിൽ എത്തുകയായിരുന്നു. പഞ്ചവാദ്യമേളത്തിൽ നൂറുകണക്കിന് മേളക്കാർ പങ്കെടുത്തു. എലിഫന്റ് സ്ക്വാഡിന്റെയും, പൊലീസിന്റെയും നേതൃത്വത്തിൽ ആനകളെയും പാപ്പാൻമാരെയും പരിശോധിച്ച ശേഷമാണ് ഗജമേളയ്ക്കായി നിരത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. നിരവധി നിശ്ചല ദൃശ്യങ്ങളും ഉൽസവത്തിന് കൊഴുപ്പേകി. കേരളത്തിലെ പേരുകേട്ട തലയെടുപ്പുള്ള കൊമ്പൻ മാരെല്ലാം ഗജമേളയിൽ അണിനിരന്നിരുന്നു. കൊട്ടിയം പൊലീസിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.
ചിത്രം: തഴുത്തല ഗജമേളയ്ക്കായി കൊട്ടിയത്ത് ആനകൾ അണിനിരന്നപ്പോൾ