ഹോട്ടല്‍ കെട്ടിടത്തിലെ ലിഫ്റ്റ് പൊട്ടി വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

Advertisement

പരവൂര്‍ : പണി കഴിപ്പിച്ചു കൊണ്ടിരുന്ന ഹോട്ടല്‍ കെട്ടിടത്തിലെ ലിഫ്റ്റ് പൊട്ടി വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. പരവൂര്‍ കോട്ടപ്പുറം സ്വീറ്റ് ഹോമില്‍ മിസ്ഹാബുദ്ദീന്‍ (84) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് 3.40 ന് ആയിരുന്നു സംഭവം.

                   അപകടത്തില്‍ ഏഴു പേര്‍ക്കായിരുന്നു പരുക്കേറ്റിരുന്നത്. ഹോട്ടല്‍ ഉടമകളില്‍ ഒരാളായ കൊട്ടിയം ഉമയനല്ലൂര്‍ സ്വദേശി, പറക്കുളം സ്വദേശി റെജിയുടെ  കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. റെജിയുടെ മൂത്തച്ഛനാണ് മിസ്ബാഹുദ്ദീന്‍. ബുന്ധുക്കളായ ഷൈല (55), റിയാസ്, സപ്ന, റോഷ്നി, ബിസിനസ് നടത്തിപ്പുകാരില്‍ ഒരാളായ കൊല്ല സ്വദേശി അനീഷ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

                  കൊല്ലം ബീച്ച് റോഡിലുള്ള റാഹത്ത് ഹോട്ടലിന്റെ പുതുതായി നിര്‍മിക്കുന്ന കെട്ടിടം കാണാനെത്തിയതായിരുന്നു ഇവര്‍. കെട്ടിടത്തിന്റെ പിന്നിലുള്ള സര്‍വീസ് ലിഫ്റ്റില്‍ കയറി ഒന്നാം നിലയില്‍ എത്തിയപ്പോഴാണ് റോപ്പ് പൊട്ടി അപകടം ഉണ്ടായത്. സര്‍വീസ് ലിഫ്റ്റ് ആയതിനാല്‍ മിക്ക ദിവങ്ങളിലും സാധനങ്ങള്‍ കൊണ്ടുപോകാനും മറ്റും ലിഫ്റ്റ് ഉപയോഗിക്കാറുണ്ടായിരുന്നു. താഴേക്കു പതിച്ച ഇവരെ ഹോട്ടല്‍ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവര്‍ക്കും കാലുകള്‍ക്കാണ് പരുക്ക്. ഗുരുതരമായി പരുക്കേറ്റ മിസ്ബാഹുദ്ദീനെയും ഷൈലയെയും പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അനീഷിനെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.

                   മിസ്ബാഹുദ്ദീന്റെ സംസ്കാരം ഇന്ന് 10.30 ന് നടക്കും. മക്കള്‍: തനിമ, ഷാജി, ഷൈല, ബിന്ദു. മരുമക്കള്‍: സാദിഖ്, നിസാര്‍, മണ്‍സൂര്‍, ഫൈസി.

Advertisement