റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി കെ.എന്‍.ബാലഗോപാല്‍ പതാക ഉയര്‍ത്തും_
ഒരുക്കങ്ങൾ പൂർണ്ണം -ജില്ലാ കലക്ടർ
കൊല്ലം.ജില്ലയിലെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ വർണ്ണാഭമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ജില്ലാ കലക്ടർ അഫ്സാന പർവിൺ. സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ്, സബ് കലക്ടർ മുകുന്ദ് ഠാക്കൂർ എന്നിവർക്കൊപ്പം സ്റ്റേഡിയത്തിലെ ഒരുക്കങ്ങൾ വിലയിരുത്തുകയായിരുന്നു കലക്ടർ. സുരക്ഷാക്രമീകരണങ്ങൾ എല്ലാം കൃത്യമാണെന്ന് ഉറപ്പുവരുത്തി.
ജനുവരി 26 രാവിലെ ഒന്‍പതിന് ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ ആഘോഷങ്ങൾക്ക് തുടക്കമാകും. 9.15ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍, ജനപ്രതിനിധികള്‍, കൊല്ലം സിറ്റി, റൂറല്‍ പോലീസ് മേധാവിമാര്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
പോലീസ്, എക്‌സൈസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, ഫോറസ്റ്റ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ ഉള്‍പ്പെടെയുള്ള പ്ലാറ്റൂണുകളും ബാന്‍ഡ് ട്രൂപ്പുകളും പരേഡില്‍ അണിനിരക്കും.
പരേഡില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഭക്ഷണം, ഗതാഗത സൗകര്യം, ആംബുലന്‍സ് സഹിതമുള്ള മെഡിക്കല്‍ സംഘം, പന്തല്‍, അലങ്കാരങ്ങള്‍ ഉള്‍പ്പെടെയുള്ള മൈതാനത്തിന്റെ ക്രമീകരണം, സുരക്ഷ എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് പരിപാടികള്‍ സംഘടിപ്പിക്കുക. ചടങ്ങില്‍ വിദ്യാര്‍ഥികള്‍ ദേശഭക്തി ഗാനം അവതരിപ്പിക്കും. പരേഡില്‍ പങ്കെടുക്കുന്നവര്‍ക്ക് മൊമെന്റോയും വിതരണം ചെയ്യും. വിദ്യാർത്ഥികൾക്ക് ബസുകളിൽ കൺസഷൻ ഏർപ്പെടുത്തിയിട്ടുണ്ട്.
ബൈക്കിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍
കൊല്ലം.മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതിലുള്ള വിരോധത്തില്‍ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ആളെ പോലീസ് പിടികൂടി. ഇരവിപുരം, തേജസ്സ്നഗര്‍ 123ല്‍ വയലില്‍ വീട്ടില്‍, ഉമര്‍ മുക്തര്‍(21) ആണ് ഇരവിപുരം പോലീസിന്‍റെ പിടിയിലായത്. ഇരവിപുരം സ്വദേശി സുധീറിനെയാണ് ഇയാള്‍ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കാതടപ്പിക്കുന്ന ശബ്ദത്തില്‍ പ്രതി പൊതു നിരത്തിലൂടെ ബൈക്കില്‍ പാഞ്ഞതിനെതിരെ നാട്ടുകാര്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇത് ചെയ്യ്തത് സുധീര്‍ ആണെന്ന് തെറ്റിദ്ധരിച്ച് പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് 24-ാം തീയതി രാവിലെ പഴയാറ്റിന്‍കുഴി ഭാഗത്ത് വച്ച് സുധീറിനെ ചീത്ത വിളിച്ചും കൊല്ലുമെന്ന് ഭീഷണി മുഴക്കിയും ബൈക്കിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ച സുധീറിനെ പ്രതി ഇരുമ്പ് പൈപ്പ് കൊണ്ട് തലയിലും തോളിലും അടിച്ച് പരിക്കേല്‍പ്പിക്കുകയും മര്‍ദ്ദിച്ച് അവശനാക്കുകയും ചെയ്യ്തു. വിവരം അറിഞ്ഞ ഉടന്‍ ഇരവിപുരം പോലീസ് സ്ഥലത്ത് എത്തുകയും പ്രതിയെ കൈയ്യോടെ പിടികൂടുകയും ചെയ്യ്തു. തുടര്‍ന്ന് സുധീറിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് രജിസറ്റര്‍ ചെയ്യ്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാള്‍ക്കെതിരെ അനധികൃതമായി മയക്ക്മരുന്ന് കൈവശം വച്ചതിന് ഇരവിപുരം പോലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. ഇരവിപുരം പോലീസ് ഇന്‍സ്പെക്ടര്‍ അജിത്ത്കുമാറിന്‍റെ നിര്‍ദ്ദേശപ്രകാരം എസ്.ഐമാരായ അരുണ്‍ഷാ, ജയേഷ്, സുനില്‍, സിപിഒ അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ബ്യൂട്ടി പാര്‍ലര്‍ കുത്തിതുറന്ന് മോഷണം;
പ്രതി പിടിയില്‍
അഞ്ചാലുംമൂട്. ജംഗ്ഷനിലുള്ള ബ്യൂട്ടി പാര്‍ലര്‍ കുത്തിതുറന്ന് മോഷണം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യ്തു. ബിഹാര്‍ സ്വദേശിയായ നിധീഷ് കുമാര്‍ (22) ആണ് അഞ്ചാലുംമൂട് പോലീസിന്‍റെ പിടിയിലായത്. 23-ാം തീയതി വെളുപ്പിന് ആണ് പ്രതി അഞ്ചാലുംമൂട് ജംഗ്ഷനിലുള്ള ബ്യൂട്ടി പാര്‍ലറിന്‍റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് മേശയില്‍ സൂക്ഷിച്ചിരുന്ന 15000 രൂപ മോഷ്ടിച്ചത്. പിറ്റേന്ന് രാവിലെ സ്ഥാപനം തുറക്കാന്‍ എത്തിയപ്പോഴാണ് ഉടമ മോഷണവിവരം അറിയുന്നത്.
സമീപത്ത് തന്നെ ഉണ്ടായിരുന്ന മറ്റ് രണ്ട് കടകള്‍ കൂടി പ്രതി കുത്തിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. കടയുടമയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം ആരംഭിച്ച പോലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏകദിന സാഹിത്യശില്പശാല
കൊല്ലം.പ്രമുഖ പുസ്തക പ്രസാധകരായ സുജിലി പബ്ലിക്കേഷന്‍സിന്‍റെ ആഭിമുഖ്യത്തില്‍ ഏകദിന സാഹിത്യ ശില്പശാല സംഘടിപ്പിക്കുന്നു.
2023 ഫെബ്രുവരി 26 ഞായറാഴ്ച കൊല്ലത്തുവച്ച് രാവിലെ 9.30 മുതല്‍ 5 മണിവരെയാണ് ശില്പശാല.
സമകാലിക കഥ-കവിത, സാഹിത്യത്തിലെ നൂതന പ്രവണതകള്‍, സോഷ്യല്‍ മീഡിയയും സാഹിത്യവും, കലയിലെ മാറുന്ന ലാവണ്യ സംസ്കാരം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് പ്രമുഖര്‍ ക്ലാസുകള്‍ നയിക്കും.
പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.
തെരഞ്ഞെടുക്കുന്ന 30 പേര്‍ക്കാണ് പ്രവേശനം. യാതൊരുവിധ ഫീസും ഉണ്ടായിരിക്കുന്നതല്ല.
താല്പര്യമുള്ളവര്‍ ഫെബ്രുവരി 10 ന് മുമ്പായി പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒരു കഥയോ കവിതയോ ഡയറക്ടര്‍, സാഹിത്യ ശില്പശാല, സുജിലി പബ്ലിക്കഷന്‍സ്, ചാത്തന്നൂര്‍ പി.ഒ കൊല്ലം – 691572 എന്ന വിലാസത്തിലോ silpasala.sujilee@gmail.com എന്ന mail ID യിലോ അക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം അഡ്രസ്, ഫോണ്‍ നമ്പര്‍, മെയില്‍ ഐഡി എന്നിവ ചേര്‍ക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0474 2592070 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം പ്രഹസനമാകുന്നു കെ.പി.എസ്.ടി എ.
മൈനാഗപ്പള്ളി.കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ അധ്യാപക ക്ഷാമം രൂക്ഷമാണെന്നും ഭിന്നശേഷി സംരക്ഷണ പ്രശ്നം പരിഹരിച്ച് എയ്ഡഡ് മേഖലയിൽ അധ്യാപകർക്ക് നിയമാനാഗീകാരം നൽകണമെന്നും, പി.എസ്.സി.യെ നോക്കുകുത്തിയാക്കാതെ ഫിക്സേഷൻ ഉത്തരവിറക്കി ഗവ.സ്കൂളുകളിലെ നാലായിരത്തോളം ഒഴിവുകൾ നികത്തണമെന്നും കെ.പി.എസ്.ടി.എ. മൈനാഗപ്പള്ളി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു..
സാമ്പത്തികപ്രതിസന്ധിയുടെ കാരണം പറഞ്ഞ് അപ്രഖ്യാപിത നിയമന നിരോധനമാണ് നിലവിലുള്ളതെന്നും അതിന്റെ ഭാഗമായി എയ്ഡഡ് മേഖലയിലെ 15000 ത്തോളം തസ്തികകളിൽ നിയമനം അംഗീകരിക്കുന്നില്ല എന്നും, സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രഹസനമാണെന്നും ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഡി.സി.സി. ജനറൽ സെക്രട്ടറി കല്ലട ഗിരീഷ് ആരോപിച്ചു. ഉച്ച ഭക്ഷണ തുക വർദ്ധിപ്പിക്കാത്തത് മൂലം പ്രധാനധ്യാപകർ കടക്കെണിയിലാകുന്ന അവസ്ഥയിൽ അടിയന്തിരമായി തുക വർദ്ധിപ്പിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ബ്രാഞ്ച് പ്രസിഡന്റ് ഉണ്ണി ഇലവിനാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഡി.സി.സി. ജനറൽ സെക്രട്ടറി കല്ലട ഗിരീഷ് ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന നിർവാഹകസമിതി അംഗം ബി.ജയചന്ദ്രൻൻ പിള്ള മുഖ്യപ്രഭാഷണം നടത്തി.
കെപിസിസി സംസ്കാര സാഹിതി ജില്ലാ ചെയർമാനായി തെരഞ്ഞെടുത്ത എബി പാപ്പച്ചനെ ചടങ്ങിൽ ആദരിച്ചു. പ്രിൻസി റീന തോമസ്, അൻവർ ഇസ്മയിൽ, ബി.സേതുലക്ഷ്മി, ബൈജു ശാന്തിരംഗം, ജോൺ എം.പി., മിനി ഭാസുരാംഗൻ, ., വരുൺ ലാൽ, നാസിം ഇ, രാജ് ലാൽ തോട്ടുവാൽ , അശ്വതി മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ
ഉണ്ണി ഇലവിനാൽ(ബ്രാഞ്ച് പ്രസി.)രാജ് ലാൽ തോട്ടുവാൽ(ബ്രാഞ്ച് സെക്ര.)അശ്വതി മോഹൻ( ട്രഷറർ).
കേരഫഡ് പിൻവാതിൽ നിയമനം, ചെയർമാനെ ഉപരോധിച്ച് യൂത്ത്കോൺഗ്രസ്
കരുനാഗപ്പള്ളി : കേരഫെഡ് ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ താൽപര്യങ്ങൾ അനുസരിച്ച് നിയമനങ്ങൾ നടത്തുന്നതിനെതിരെ യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരഫെഡ് ചെയർമാനെ ഉപരോധിച്ചു. വിവിധ തസ്തികൾ നടക്കുന്ന നിയമനങ്ങൾ ലക്ഷക്കണക്കിന് രൂപ ഉദ്യോഗാർത്ഥികളുടെ കയ്യിൽ നിന്നും കൈകൂലി വാങ്ങിയാണ് നിയമിക്കുന്നത്.നിയമനങ്ങൾ നടത്തേണ്ടത് രാഷ്ട്രീയ താത്പര്യങ്ങൾക്കധീതമായി അർഹരായവരെ പരിഗണിക്കണം എന്നാണ് യൂത്ത്കോൺഗ്രസ് ആവശ്യപ്പെടുന്നത്.
അല്ലാത്തപക്ഷം യൂത്ത് കോൺഗ്രസ് അനിശ്ചിതകാല സമരം ഉൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഇർഷാദ് ബഷീർ അറിയിച്ചു. പ്രസ്തുത സമരത്തിൽ ആദിനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ എം നൗഷാദ്, യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ സെക്രട്ടറി എ ഷഹനാസ്, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് അംഗം ദീപക്, കെഎസ്‌യു ജില്ലാ കോഡിനേറ്റർ അൻഷാദ്, നിയോജക മണ്ഡലം ഭാരവാഹികളായ രഞ്ജിത്, അനിയൻ കുഞ്ഞ്, ഫഹദ് തറയിൽ, അച്ചു, സഫിൽ, രാജി, ഫഹദ്, സന്തോഷ് എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി
കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് ഓണാട്ടുകര വികസന ഏജൻസിയുടേയും കേരാഫെഡിന്റേയും സഹകരണത്തോടെ നടത്തുന്ന ഓണാട്ടുകര എള്ളിന്റെ വിത്ത് ഉല്പാദനത്തിന് തുടക്കമാകുന്നു.
കുലശേഖരപുരം.ഭൗമ സൂചികാ പദവി ലഭിച്ച വേറിട്ട എള്ളിനമായ ഓണാട്ടുകര എള്ളിന്റെ കലർപ്പില്ലാത്ത വിത്തുല്പാദിപ്പിക്കുന്നതിനായി പുതിയകാവ് കേരാ ഫെഡ് ഓയിൽ കോംപ്ലക്സ് കോംപൗണ്ടിലെ പത്ത് ഏക്കർ സ്ഥലത്ത് ഇന്ന് രാവിലെ 9 മണിക്ക് വിത്ത് വിതച്ചു. ചടങ്ങിനോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസ്സാം അദ്ധ്യക്ഷത വഹിച്ചു. കേരഫെഡ് ചെയർമാൻ വി. ചാമുണ്ണി ഉത്ഘാടനം ചെയ്തു. ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ്പ്രസിഡന്റ് എ.നാസർ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഗേളി ഷൺമുഖൻ, രാഷ്ടീയ പാർട്ടി പ്രതിനിധികളായ ബി.കൃഷ്ണകുമാർ, രാജീവ് ഉണ്ണി, രവികുമാർ , ഓണാട്ടുകര വികസന ഏജൻസി സി.ഇ.ഒ
ബിനീഷ്. വി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അബ്ദുൽ സലിം, രജിതാ രമേശ്, സെക്രട്ടറി സി. ജനചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
പദ്ധതിയിൽകുലശേഖരപുരം കാർഷിക കർമ്മസേന തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കാളികളാകും.
ചവറ പോലീസ് സ്റ്റേഷൻ പരിസരത്ത് മാനസിക നില തെറ്റി അലഞ്ഞുതിരിഞ്ഞ കാണപ്പെട്ട വയോധികനെ അഗതി മന്ദിരത്തിൽ എത്തിച്ചു.
.
ചവറ.പറമ്പി മുക്കിൽ, ദിവസങ്ങളോളം മുഷിഞ്ഞ വേഷത്തിൽ നികൃഷ്ടമായ രീതിയിൽ കടയുടെ തിണ്ണയിൽ നിന്നാണ് ഊരും പേരും അറിയാത്ത ഒന്നും സംസാരിക്കാത്തതു മായ വയോധികനെയാണ് അഗതി മന്ദിരത്തിൽ എത്തിച്ചത്. ജീവകാരുണ്യ പ്രവർത്തകനായ ശക്തികുളങ്ങര ഗണേഷ്, ബാബു,
മനാഫ് തുപ്പാശ്ശേരിൽ, ജോൺസൺ, ശാസ്താംകോട്ട അഗ്നിശമനസേനയിലെ ഉദ്യോഗസ്ഥൻ മനോജ്, എന്നിവർ ചേർന്ന് കുളിപ്പിച്ച് ഇദ്ദേഹത്തെ ചവറ പോലീസിന്റെ സഹായത്തോടെ തേവലക്കര കാർമൽ ചാരിറ്റബിൾ ട്രസ്റ്റ് അഗതി മന്ദി ത്തിൽ എത്തിച്ചു.നാട്ടുകാരുടെ സഹായത്തോടെയാണ് വയോധികനെ കൊണ്ടുപോകാൻ വാഹനം സജ്ജമാക്കി തന്നത്. അഗതി മന്ദിരം ചെയർമാൻ ഫാദർ മനോജ് കോശി വൈദ്യൻ സന്നിഹിതനായിരുന്നു.
ന്യൂസ് പേപ്പർ ഏജൻസ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം
കൊല്ലം .ന്യൂസ് പേപ്പർ ഏജൻസ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം 26ന് ഉച്ചക്ക് പ്രകടനത്തോടെ പുനലൂർ NSS കരയോഗ ഹാളിൽ നടക്കുന്നു. പ്രകടനത്തിന് ശേഷം NPAA കൊല്ലം ജില്ലാ പ്രസിഡൻ്റ് രാമചന്ദ്രൻ നായരുടെ അദ്യക്ഷതയിൽ കൂടുന്ന സമ്മേളനം NPAAസംസ്ഥാന പ്രസിഡൻ്റ് PK സത്താർ ഉദ്ഘാടനം ചെയ്യും. NPAAസംസ്ഥാന ജനറൽ സെക്രട്ടറി മുഖ്യ പ്രഭാഷണം നടത്തും.
ശാസ്താംകോട്ട സർവ്വീസ് സഹകരണ ബാങ്ക് പള്ളിശ്ശേരിക്കൽ പള്ളിമുക്ക് ശാഖ ഉദ്ഘാടനം വെള്ളിയാഴ്ച
ശാസ്താംകോട്ട : സർവ്വീസ് സഹകരണ ബാങ്ക് പള്ളിശ്ശേരിക്കൽ പള്ളിമുക്കിൽ ആരംഭിക്കുന്ന ശാഖയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് 3ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും.കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിക്കും.
ആദ്യ നിക്ഷേപം സ്വീകരിക്കൽ മന്ത്രി ജെ.ചിഞ്ചുറാണിയും ആദ്യ വായ്പാ വിതരണം കൊടിക്കുന്നിൽ സുരേഷ് എം.പിയും കൗണ്ടർ, കംപ്യൂട്ടർ എന്നിവയുടെ ഉദ്ഘാടനം മുൻ എം.പി കെ.സോമപ്രസാദും നിർവ്വഹിക്കും.ഡോ.പി.കെ ഗോപൻ, ആർ.ഗീത,തുണ്ടിൽ നൗഷാദ്, റ്റി.മോഹനൻ,ബാങ്ക് പ്രസിഡന്റ് കെ.കെ രവികുമാർ,സെക്രട്ടറി ബി.രാധാമണി തുടങ്ങിയവർ സംസാരിക്കും.
ജനങ്ങളെ വിഭാഗീയമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സരിക്കുന്നു:എ.എ അസീസ്
ശാസ്താംകോട്ട : മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം പങ്കിടുകയെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഉള്ളതെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് ആരോപിച്ചു.ശൂരനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറി തുണ്ടിൽ നിസാർ നയിച്ച "തകരുന്ന കേരളം,തഴയ്ക്കുന്ന ഭരണവർഗ്ഗം" വാഹന പ്രചരണ ജാഥയുടെ സമാപന സമ്മേളനം കാരാളിമുക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആർഎസ്പി ശൂരനാട് മണ്ഡലം കമ്മിറ്റി നടത്തിയ വാഹന പ്രചരണ ജാഥ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇടവനശേരി സുരേന്ദ്രൻ ജാഥാ ക്യാപ്റ്റൻ തുണ്ടിൽ നിസാറിന് പതാക കൈമാറുന്നു
ഉല്ലാസ് കോവൂർ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സമ്മേളനം രാവിലെ ശാസ്താംനടയിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇടവനശേരി സുരേന്ദ്രൻ നിർവ്വഹിച്ചു.കെ.മുസ്തഫ, ഒ.കെ ഖാലിദ്,എസ്.ബഷീർ,ബാബു ഹനീഫ,ജി.തുളസീധരൻ പിള്ള, കെ.രാജി,എസ്.വേണുഗോപാൽ,ആർ.സജിമോൻ,വിജയൻ പിള്ള,റ്റി.ആർ തുളസീധരൻ പിള്ള,പി.കെ സദാശിവൻ,ബാബു കുഴിവേലി, ശ്രീകുമാർ വേങ്ങ,ഷഫീഖ് മൈനാഗപ്പള്ളി,മുൻഷീർ ബഷീർ തുടങ്ങിയവർ സംസാരിച്ചു.
അതിദരിദ്രർക്കായി ആരോഗ്യം,ആയുർവേദം,
ഹോമിയോ വകുപ്പുകളുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ്
ശൂരനാട് വടക്ക് : സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന തീവ്രജ്ഞത്തിന്റെ ഭാഗമായി ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ അതിദരിദ്രർക്കായി ആരോഗ്യം,ആയുർവേദം,
ഹോമിയോ വകുപ്പുകളുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ നിർവഹിച്ചു.വാർഡ് മെമ്പർ സൗമ്യ അദ്ധ്യക്ഷത വഹിച്ചു.
ശൂരനാട് സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് ഡോ.എം.കെ വിമല വിഷയാവതരണം നടത്തി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സുദർശൻ,ക്ഷേമകാര്യ
ചെയർപേഴ്സൺ ഗംഗാദേവി,അംഗങ്ങളായ ശ്രീലക്ഷ്മി,സമദ്,ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.മെർവിൻ വർഗ്ഗീസ്,ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.നാൻസി.എ.കരീം തുടങ്ങിയവർ പ്രസംഗിച്ചു.ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് വാര്യത്ത് സ്വാഗതവും എസ്.ഗീതനന്ദിയും പറഞ്ഞു.