കൊല്ലം.അന്താരാഷ്ട്ര നിലവാരത്തില്‍ കൊല്ലം റയില്‍വേ സ്റ്റേഷന്‍ പുനര്‍ നിര്‍മ്മിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ 2026 ജനുവരിയില്‍ പൂര്‍ത്തിയാകുന്ന തരത്തില്‍ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ ദൈനംദിന നിരീക്ഷണ സംവിധാനം സജ്ജമാക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. ദക്ഷിണ റയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം ചീഫ് എഞ്ചിനീയര്‍ നിരഞ്ജന്‍ നായക് ഉള്‍പ്പെടെയുളള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്ഥലപരിശോധനയും യോഗവും ചേര്‍ന്ന ശേഷമാണ് വിവരം അറിയിച്ചത്.
361 കോടി രൂപ ചിലവഴിച്ച് നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തി വിശദായ മാസ്റ്റര്‍ പ്ലാനിന്‍റെ അടിസ്ഥാനത്തില്‍ ഘട്ടം ഘട്ടമായിയാണ് നടപ്പാക്കുന്നത്. ആദ്യഘട്ടം പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മക്കുന്നതിന് സ്ഥലം ഒരുക്കുന്നതിനായി നിലവിലുളള പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റും. തുടര്‍ന്ന് നിലവിലെ സ്റ്റേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ പുതിയ കെട്ടിടങ്ങളിലേയ്ക്ക് മാറ്റും. അടുത്ത ഘട്ടം നിലവിലെ സ്റ്റേഷന്‍ കെട്ടിടങ്ങള്‍ പൊളിച്ച് അവിടെ പുതിയ കെട്ടിടം നിര്‍മ്മിക്കും. ഏറ്റവും ഒടുവില്‍ സര്‍ക്കുലേറ്റിംഗ് ഏരിയ, ലാന്‍റ് സ്കേപ്പിംഗ് തുടങ്ങിയ പ്രവര്‍ത്തികള്‍ നടപ്പാക്കും.
നിലവിലുളള മുഴുവന്‍ കെട്ടിടങ്ങളും ഇതര നിര്‍മ്മിതികളും പ്ലാറ്റ്ഫോമും പൂര്‍ണ്ണമായും പൊളിച്ചുമാറ്റി അന്താരാഷ്ട്ര നിലവാരത്തിലുളള ആധുനിക റയില്‍വേ സ്റ്റേഷന്‍ നിര്‍മ്മിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. നിര്‍മ്മാണ കാലാവധി 39 മാസമാണ്. നൂറുശതമാനം പരിസ്ഥിതി സൗഹൃദ - ഹരിത നിര്‍മ്മാണ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. GRIHA (Green Rating for Internal Habitat Assessment) റേറ്റിംഗ് അനുസരിച്ച് 3-സ്റ്റാര്‍ നിലവാരത്തിലാണ് നിര്‍മ്മാണ പ്രക്രികകള്‍ നടക്കുന്നത്. ഇന്‍ഡ്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്‍റെ (ഐ.ജി.ബി.സി) ഗോള്‍ഡ് സ്റ്റാര്‍ നിലവാരത്തിലാണ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്. പ്രധാന കെട്ടിടത്തിന് ഗ്രൗണ്ട് ഫ്ളോര്‍ കൂടാതെ 3 നിലകള്‍ കൂടി ഉണ്ടാകും.
244 കാറുകള്‍ ഒരേ സമയം പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന നിലയില്‍ നിര്‍മ്മിക്കുന്ന മള്‍ട്ടിലെവന്‍ കാര്‍പാര്‍ക്കിംഗ് കോംപ്ലക്സില്‍ ഗ്രൗണ്ട് ഫ്ളോര്‍ കൂടാതെ 4 നിലകള്‍ കൂടി ഉണ്ടാകും. പ്രധാന റോഡിനോട് ചേര്‍ന്ന് പാര്‍ക്കിംഗ് കോംപ്ലക്സിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചു കഴിഞ്ഞു.
135 മീറ്റര്‍ നീളത്തില്‍ 36 മീറ്റര്‍ വീതിയില്‍ രണ്ട് ടെര്‍മിനലുകളെയും ബന്ധിപ്പിക്കുന്ന എയര്‍ കോണ്‍കോഴ്സ് (AIR CONCOURSE) ആണ് റയില്‍ വേ സ്റ്റേഷനിലെ ആകര്‍ഷണീയമായ നിര്‍മ്മാണം. 4417 ച.മീറ്ററാണ് ഇതിന്‍റെ വിസ്തീര്‍ണ്ണം. ഇതില്‍ യാത്രക്കാരുടെ സഞ്ചാരപാതയോടൊപ്പം വിപുലമായ വാണിജ്യ സമുച്ചയവും ഉണ്ടാകും. പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന എയര്‍ കോണ്‍കോഴ്സ് കൂടാതെ 12 മീറ്റര്‍ വീതിയില്‍ 5 പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന ഫുഡ് ഓവര്‍ ബ്രിഡ്ജും നിര്‍മ്മിക്കും.
ഘട്ടംഘട്ടമായ പുനര്‍നിര്‍മ്മാണ വികസന പദ്ധതിക്ക് വ്യക്തമായ ഡിമോളിഷന്‍ പ്ലാനും മാസ്റ്റര്‍ പ്ലാനും തയ്യാറാക്കിയിട്ടുണ്ട്. റയില്‍വേ സ്റ്റേഷനില്‍ വാഹനങ്ങള്‍ എത്തുന്നതിനും മടങ്ങിപ്പോകുന്നതിനുമായുളള വെഹിക്കുലര്‍ മാസ്റ്റര്‍ പ്ലാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓരോ പ്ലാറ്റ്ഫോമിലും യാത്രക്കായി എത്തുന്നവരേയും, യാത്രകഴിഞ്ഞ് എത്തുന്നവരേയും പ്രത്യേകം വഴികളിലൂടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുളള കാല്‍നടയാത്രക്കാര്‍ക്കുളള പ്ലാന്‍ പ്രത്യേകമായി രൂപകല്പന ചെയ്തിട്ടുണ്ട്. സൗത്ത് ടെര്‍മിനലിന്‍റെ നിര്‍മ്മാണത്തിനായി നാലൂ രൂപരേഖകള്‍ തയ്യാറാക്കിയിട്ടുണ്ട്. ആധുനിക വാസ്തു ശില്പകല അനുസരിച്ച് ആകര്‍ഷണീയമായ രൂപകല്പനകളാണ് തയ്യാറാക്കിയിട്ടുളളത്.
റൈറ്റ്സ് , എസ്.സി.ഡബ്ല്യു പി.എല്‍ എന്നീ ഏജന്‍സികളുടെ ജോയിന്‍റ് വെഞ്ച്വറാണ് നിര്‍മ്മാണത്തിന്‍റെ കരാര്‍ ഏറ്റെടുത്തിട്ടുളളത്. കരാര്‍ പ്രകാരം അനുവദിച്ചിട്ടുളള 39 മാസ കാലാവധിക്കുളളില്‍ തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന തരത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയാണ് പ്രവര്‍ത്തനം നടത്തുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം ഉന്നതഉദ്യോഗസ്ഥരുടെ നേരിട്ടുളള നിയന്ത്രണത്തില്‍ നടപ്പാക്കാനുളള സൈറ്റ് ആഫീസിന്‍റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്.
എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി യുടെ സാന്നിദ്ധ്യത്തില്‍ നടന്ന സ്ഥലപരിശോധനയിലും യോഗത്തിലും കണ്‍സ്ട്രക്ഷന്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ നിരഞ്ജന്‍ നായക്, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ചന്ദ്രുപ്രകാശ്, പ്രോജക്ട് സിനീയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ ഗിരീഷ് , ആര്‍.ഐ.റ്റി.ഇ.എസ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കരുണാനിധി, സിദ്ധാര്‍ത്ഥ സിവില്‍ വര്‍ക്ക്സ് പ്രൈവറ്റ് ലിമിറ്റ്ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അഭിഷേക് തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.