കുന്നത്തൂർ:ഡോക്ടർ നിർദ്ദേശിച്ചിട്ടും മതിയായ ചികിത്സ നൽകാൻ തൊഴിലുടമ തയ്യാറാകാതിരുന്നതിനെ തുടർന്ന് കുന്നത്തൂർ ഐവർകാലയിൽ ന്യൂമോണിയ ബാധിച്ച പശ്ചിമ ബംഗാൾ
സ്വദേശിയായ തൊഴിലാളി മരിച്ചു.പശ്ചിമ ബംഗാൾ ഉത്തംപൂർ സ്വദേശി ബീമാ സിങ് (63) ആണ് മരിച്ചത്.അന്യ സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പിൽ തിങ്കളാഴ്ച രാവിലെ അവശ നിലയിൽ കാണപ്പെട്ട ബീമാ സിങ്ങിനെ ക്യാമ്പ് നടത്തിപ്പുകാരനും തൊഴിലുടമയുമായ വ്യക്തി ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ചു.എന്നാൽ ബീമാ സിങ്ങിന്റെ നില അതീവ ഗുരുതരമാണെന്നും കൊല്ലത്ത് ജില്ലാ ആശുപത്രിയിൽ എത്രയും വേഗം കൊണ്ടുപോകണമെന്നും ഡോക്ടർ നിർദ്ദേശിച്ചു.എന്നാൽ കൂടെ നിൽക്കാൻ ആളെ കൂട്ടി വരാമെന്ന് പറഞ്ഞ് തൊഴിലുടമ ബീമാ സിങ്ങുമായി കുന്നത്തൂരിലേക്ക് പോകുകയായിരുന്നു.
ക്യാമ്പിൽ എത്തിച്ച ശേഷം ആശുപത്രിയിൽ
കൊണ്ടുപോകാൻ ഇയ്യാൾ തയ്യാറായില്ല.വൈകിട്ടോടെ വീണ്ടും രോഗം കലശലാകുകയും ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ തന്നെ എത്തിക്കുകയും ചെയ്തു.ഇവിടെ എത്തിച്ച ഉടൻ തന്നെ മരണം സംഭവിച്ചു.മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ശാസ്താംകോട്ട താലൂക്കാശുപത്രി
മോർച്ചറിയിലേക്ക് മാറ്റി.മൃതദേഹം അടുത്ത ദിവസം തന്നെ വിമാനമാർഗം സ്വദേശത്തേക്ക് കൊണ്ടുപോകും.മുൻപ് കോവിഡ് മഹാമാരിക്കാലത്ത് അന്യസംസ്ഥാന തൊഴിലാളി മതിയായ ചികിത്സ ലഭിക്കാതെ മരിച്ചിരുന്നു.തീർത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. അസൗകര്യങ്ങൾക്ക് നടുവിൽ നിരവധി തൊഴിലാളികളാണ് ഉടമയുടെ ചൂഷണത്തിന് വിധേയരായി കഴിയുന്നത്.അതിനിടെ സർക്കാർ തലത്തിലുള്ള യാതൊരു അനുമതിയുമില്ലാതെ കുന്നത്തൂർ പഞ്ചായത്തിലെ ഐവർകാല മിന്നൽ മുക്കിനു സമീപം പ്രവർത്തിക്കുന്ന ക്യാമ്പ് അടച്ചുപൂട്ടണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.