ശാസ്താംകോട്ട : മൈനാഗപ്പള്ളി, കിഴക്കേ കല്ലട പഞ്ചായത്ത് കൃഷി ഭവനുകളിൽ ഓഫീസർ ഇല്ലാത്തതിനാൽ കർഷകർ വലയുന്നു.കഴിഞ്ഞ ആറുമാസത്തിലധികമായി
മൈനാഗപ്പള്ളി,കിഴക്കേ കല്ലട കൃഷി ഭവനുകളിൽ ഓഫീസർമാർ ഇല്ലാതായിട്ട്.ഇതു മൂലം പഞ്ചായത്തിൽ പദ്ധതി പ്രവർത്തനം താളം തെറ്റി.മൈനാഗപ്പള്ളിയിൽ
നിലവിലുണ്ടായിരുന്ന കൃഷി ഓഫീസർക്ക് സ്ഥലംമാറ്റം വന്നതോടെയാണ് ഇവിടെ പുതിയ ഓഫീസർ വന്നത്.പുതിയ ഓഫീസർ ചാർജ്ജ് എടുക്കുകയും ചിങ്ങമാസത്തിലെ കർഷക ദിനാചരണ പരിപാടി നടത്തിയ ശേഷം അവധിയിൽ പ്രവേശിക്കുകയുമായിരുന്നു.പിന്നീട് ഓഫീസർ ഇല്ലാത്ത അവസ്ഥയാണ്. ഇത് കാർഷിക മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.കാർഷിക മേഖലയിൽ നടപ്പാക്കാൻ മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് ആസൂത്രണം ചെയ്ത 6ൽ അധികം പദ്ധതികൾ ഇത് മൂലം പാതിവഴിയിലാണ്.പദ്ധതി പൂർത്തീകരണത്തിന് കേവലം രണ്ട് മാസം മാത്രമാണ് അവശേഷിക്കുന്നത്.
പദ്ധതികൾ തുടങ്ങി വെയ്ക്കുവാൻ പോലും കഴിയാത്തത് പദ്ധതി താളം തെറ്റുന്നതിന് കാരണമായിട്ടുണ്ട്. നെൽകൃഷി ചെയ്ത കർഷകരുടെ സബ്സിഡി വിതരണം ചെയ്യാനും കഴിയുന്നില്ല.സമയബന്ധിതമായി തീർപ്പ് കൽപ്പിക്കേണ്ട ഭൂമി തരം മാറ്റം അടക്കമുള്ള മറ്റ് പല അപേക്ഷകളും കെട്ടി കിടക്കുകയാണ്.തരിശ് ഭൂമിയും നിലവും കൃഷി ചെയ്യുന്നതിന് സർക്കാർ രൂപീകരിച്ച പലവൻ പദ്ധതികളും മൈനാഗപ്പളളിയിൽ നടപ്പിലാക്കുവാൻ കഴിയുന്നില്ല. കൃഷി ഓഫീസർ ഇല്ല എന്ന വിവരം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എം സെയ്ദ് പറഞ്ഞു.കിഴക്കേ കല്ലടയിലും സമാനമായ അവസ്ഥയാണുള്ളത്.കാർഷിക മേഖലയിൽ വലിയ പ്രതിസന്ധിയാണ്
സൃഷ്ടിച്ചിരിക്കുന്നത്.കൃഷി ഓഫീസറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലടയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചിട്ടുണ്ട്.