തേവലക്കര .സമൂഹമെന്ന മനോഹര ദേവാലയം നിര്‍മ്മിക്കാന്‍ കല്ലെടുക്കുന്ന കല്ലുവെട്ടുകുഴിയാണ് കുടുംബമെന്ന് അഭി.ഡോ. യുഹാനോന്‍ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലിത്ത പറഞ്ഞു. മര്‍ത്തമറിയം ഓര്‍ത്തഡോക്സ് പള്ളിയിലെ മാര്‍ ആബോ ഓര്‍മ്മപെരുനാളിനോടനുബന്ധിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ദേവാലയം പണിതസ്ഥലത്ത് കല്ലുവെട്ടുന്ന ശബ്ദംകേട്ടില്ല കാരണം അവ കല്ലുവെട്ടുകുഴിയില്‍തന്നെ ചെത്തിമിനുക്കിയാണ് എത്തിച്ചതെന്ന് പഴയ നിയമത്തില്‍ പറയുന്നു, കുടുംബമെന്ന കല്ലുവെട്ടുകുഴിയില്‍ പണിക്കുറവ് തീര്‍ക്കാത്തതാണ് സമൂഹത്തിലെ പ്രശ്നങ്ങള്‍ക്ക് കാരണം, അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നമുക്ക് എപ്പോഴും താഴ്ന്നു കൊടുക്കുവാൻ സാധിക്കണമെന്ന് സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു. ഒരു ത്രാസിന്‍റെ തട്ട് താഴുന്നത് അതിന്റെ ഭാരം മൂലമാണെന്ന് മനസിലാക്കണം. താഴുന്നത് അതിന്റെ മൂല്യം കൂടിയത് മൂലമാണ്. മൂല്യം ഉള്ളവർ എപ്പോഴും നിറമണി പോലെ താഴ്ന്നവർ ആയിരിക്കും സ്വാമി പറഞ്ഞു.
രാവിലെ മൂന്നിന്മേല്‍ കുര്‍ബാനക്ക് കുന്നംകുളം ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപൊലീത്ത നേതൃത്വം നല്‍കി. ഫാ അലക്‌സ്പി സക്കറിയ,റവ ഫാ എം മാത്യു എന്നിവര്‍ സഹകാര്‍മ്മികരായി. 10.30ന് അഖണ്ഡ പ്രാര്‍ഥന ,ഉച്ച നമസ്‌കാരം നേര്‍ച്ചക്കഞ്ഞി ആറിന് സന്ധ്യ നമസ്‌കാരം എന്നിവയ്ക്കുശേഷം കുടുംബസംഗമം നടന്നു.
നാളെ പ്രഭാത നമസ്‌കാരം അഭി യൂഹാനോന്‍ മാര്‍ പൊളിക്കാര്‍പ്പോസ് മെത്രാപൊലീത്ത നയിക്കും ഫാ. നൈനാന്‍ ഉമ്മന്‍, ഫാ വിജി ജോണ്‍ ചുനക്കര എന്നിവര്‍ സഹ കാര്‍മ്മികരാകും. 12ന് ഉച്ച നമസ്‌കാരം
വൈകിട്ട് നാലിന് പദയാത്ര സ്വീകരണവും തീര്‍ത്ഥാടക സംഗമവും വൈകിട്ട് ആറിന് ഗീവര്‍ഗീസ് മാര്‍ പക്കാമിയോസ്, തോമസ് മാര്‍ ഇവാനിയോസ്, ഡോ ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് എന്നീമെത്രാപൊലീത്തമാരുടെ കാര്‍മ്മികത്വത്തില്‍ സന്ധ്യനമസ്‌കാരം.
6.30ന് ഭക്തി നിര്‍ഭരമായ റാസ, ശ്‌ളൈഹികവാഴവ്, സ്‌നേഹവിരുന്ന്.