ആശ്രയിക്കുന്നവരുടെ നോവുകള്‍ക്ക് പരിഹാരമരുളി മാര്‍ ആബോയുടെ തിരുസന്നിധി

Advertisement

തേവലക്കര. രോഗികള്‍ക്ക് മരുന്നും വിശ്വാസികള്‍ക്ക് ആശ്രയവും വേദനിക്കുന്നവര്‍ക്ക് സാന്ത്വനവുമാണ് മാര്‍ ആബോ എന്ന മാറാച്ചന്‍. കണ്ണീരോടെ വിശുദ്ധന്റെ കബറില്‍ വര്‍ഷാവര്‍ഷം എത്തി അഭയം തേടുന്നത് ലക്ഷങ്ങള്‍

മര്‍ത്തമറിയം ഓര്‍ത്തഡോക്‌സ് സുറിയാനിപ്പള്ളി ആന്‍ഡ് മാര്‍ ആബോ തീര്‍ഥാടന കേന്ദ്രത്തില്‍ പരിശുദ്ധ മാര്‍ ആബോയുടെ ഓര്‍മപ്പെരുന്നാളില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത് നിര്‍വൃതി നേടി.
ഇന്ന് രാവിലെ 7നു യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, മെത്രാപ്പൊലീത്ത, ഫാ.നൈനാന്‍ ഉമ്മന്‍, ഫാ.വി.ജി.ജോണ്‍ ചുനക്കര എന്നിവരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന നടന്നു.

വൈകിട്ട് വിവിധ പള്ളികളില്‍നിന്നുമെത്തുന്ന പദയാത്രകളെ പള്ളിയില്‍ സ്വീകരിച്ചു. പദയാത്ര സ്വീകരണത്തിലും തീര്‍ഥാടക സംഗമത്തിലും ആയിരങ്ങള്‍ പങ്കെടുത്തു. കടമറ്റത്തുനിന്ന് അടക്കം തീര്‍ത്ഥാടകര്‍ എത്തുന്നുണ്ട്.

പള്ളിയില്‍ നിന്ന് ആരംഭിച്ച റാസ തേവലക്കര ജംക്ഷന്‍, പെരുമ്പള്ളിമുക്ക് വഴി സെന്റ് മേരീസ് ചാപ്പലില്‍ ധൂപ പ്രാര്‍ഥന നടത്തി പൈപ്പ് റോഡ് വഴി നാത്തയ്യത്ത് കുരിശടിയില്‍ എത്തി. ധൂപപ്രാര്‍ഥനയ്ക്ക് ശേഷം പള്ളിയില്‍ സമാപിച്ചു.
നൂറുകണക്കിനു വിശ്വാസികളാണ് റാസയെ വരവേറ്റത്. 9.30ന് ഗ്ലൈഹിക വാഴ്വ്, സ്‌നേഹ വിരുന്ന് എന്നിവ നടന്നു. നാളെ രാവിലെ 7.30ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, 10നു പള്ളി പ്രദക്ഷിണം, ഗ്ലൈഹിക വാഴ്വ്, നേര്‍ച്ച വിളമ്പ്, കൊടിയിറക്ക്, വൈകിട്ട് 7നു ബൈബിള്‍ നാടകം രക്ഷകന്‍ .

Advertisement