കൊല്ലം. കോർപ്പറേഷൻ സെക്രട്ടറിയുടെ ഡ്രൈവറായ ബിജുവിന്റെ ആത്മഹത്യയിൽ കോർപറേഷൻ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട്
കോർപ്പറേഷൻ ഉദ്യോഗസ്ഥർ അടങ്ങിയ ബ്ലേഡ് മാഫിയ സംഘം ബിജുവിനെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ബിജുവിന്റെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഫെബ്രുവരി 6 ന് വീടിനു സമീപത്തെ മൊബൈൽ ടവറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കടയ്ക്കോട് നിർമാല്യത്തിൽ ബിജു (47) വിന്റെ ആത്മഹത്യക്ക് പിന്നിൽ ചില കോർപ്പറേഷൻ ജീവനക്കാർ നടത്തുന്ന ബ്ലേഡ് മാഫിയ എന്ന് ആണ് വീട്ടുകാരുടെ ആരോപണം. 8 വർഷമായി കൊല്ലം കോർപ്പറേഷൻ സെക്രട്ടറിയുടെ ഡ്രൈവറായി ജോലി നോക്കിവരുകയായിരുന്നു ബിജു. ആറാം തീയതി വീട്ടിലെ മകന്റെ ജന്മദിനഘോഷം കഴിഞ്ഞു വൈകിട്ട് ആറരയോടെ പുറത്തേക്ക് പോയ ബിജു രാത്രി 10 കഴിഞ്ഞിട്ടും തിരിച്ചെത്തതിനെ തുടർന്ന് പല തവണ ബിജുവിനെ ഫോണിൽ വിളിച്ചെങ്കിലും ബെൽ മാത്രമായിരുന്നു. തുടർന്ന് ബന്ധുക്കൾ എഴുകോൺ പോലീസ്റ്റേഷനിൽ അറിയിച്ചു. ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിൽ 12 മണി കഴികെ വീടിന്റെ സമീപത്തുള്ള മൊബൈൽ ടവറിന് കീഴെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ബിജു വിന്റെ പോക്കറ്റിൽ നിന്നും കവറിൽ ഇട്ട നിലയിൽ ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെത്തി. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതോടെയാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് എതിരെ ഗുരുതരാരോപണവുമായി കുടുംബം രംഗത്തെത്തിയത്.
കോർപ്പറേഷൻ കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബ്ലേഡ് മാഫിയ സംഘം പ്രവർത്തിക്കുന്നതായി ആത്മഹത്യ കുറുപ്പിലുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു… ഇവരിൽ നിന്നും ബിജു രണ്ട് ലക്ഷം രൂപ വാങ്ങിയിരുന്നു… പലിശയും കൂട്ടുപലിശയും അടക്കം 10 ലക്ഷം രൂപ തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് ആത്മഹത്യ കുറിപ്പിൽ ഉണ്ടെന്നാണ് കുടുംബത്തിൻ്റെ വാദം.
കോർപ്പറേഷനിലെ ഉയർന്ന ഉദ്യോഗസ്ഥർ അടക്കം ബ്ലേഡ് മാഫിയ സംഘത്തിൽ ഉണ്ടെന്നും കുടുംബം പറയുന്നു.20 ശതമാനം ജീവനക്കാർ ഇവരുടെ പിടിയിൽ ആണെന്നും കത്തിലുണ്ട്… എഴുകോൺ സിഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.ബിജുവിൻ്റെ ആത്മഹത്യ കുറിപ്പ് പോലീസ് കസ്റ്റഡിയിൽ എടുത്തു.