ശാസ്താംകോട്ട: സിനിമാപറമ്പ് ജംഗ്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന വയോദ്ധികന് രക്ഷകരായി അഗ്നിശമനസേന.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30 ന് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന
മുതുപിലാക്കാട് സ്വദേശിയായ ആനന്ദൻ (65) നെ
സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.മിനി ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്.ഇടിയുടെ ആഘാതത്തിൽ വലതുകാലും ഇടതു കൈയ്യും ചതഞ്ഞ് ഒടിഞ്ഞു തൂങ്ങി രക്തം വാർന്ന് ഒഴുകുന്ന നിലയിലായതിനാൽ നാട്ടുകാർക്ക് നോക്കി നിൽക്കാനെ കഴിഞ്ഞുള്ളൂ.ഈ സമയം കടമ്പനാട് കെഎസ്ഇബി ഓഫീസ് കോമ്പൗണ്ടിലുണ്ടായ തീ കെടുത്താൻ ശാസ്താകോട്ട ഫയർ സ്റ്റേഷൻ ഓഫിസർ സാബുലാലിൻ്റെ നേതൃത്വത്തിൽ പോയ അഗ്നിശമന സേനയിലെ ഫയർ ആന്റ്
റെസ്ക്യൂ ഓഫീസർമാരായ മിഥിലേഷ്.എം.കുമാറും,രാജേഷ് കുമാറും സംഭവസ്ഥലത്തിറങ്ങി അപകടത്തിൽപ്പെട്ടയാളെ താങ്ങി ഇരുത്തിയ ശേഷം ആംബുലൻസ് വിളിച്ച് വരുത്തി സ്പ്പെൻ ബോർഡ് സ്ട്രെച്ചറിൻ്റെ സഹായത്താൽ വാഹനത്തിൽ കയറ്റി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് അവരെത്തി
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.