ജനപ്രതിനിധികളും നാട്ടുകാരും സാക്ഷികളായി;ലേഖയും ചിത്രയും സുമംഗലികളായി

Advertisement

പടിഞ്ഞാറെ കല്ലട:ജനപ്രതിനിധികളെയും നാട്ടുകാരെയും സാക്ഷികളാക്കി നാടൊരുക്കിയ സ്നേഹത്തണലിൽ ലേഖയ്ക്ക് ശ്യാമും ചിത്രയ്ക്ക് കപിൽരാജും ഇന്ന് (വ്യാഴാഴ്ച) രാവിലെ 10 നും 12നും ഇടയ്ക്കുള്ള മൂഹൂർത്തത്തിൽ താലി ചാർത്തി.പടിഞ്ഞാറെ കല്ലട വലിയപാടം ചിത്രാ നിവാസിൽ ശിവസുതന്റെയും പരേതയായ സുശീലയുടെയും മക്കളായ എസ്.ചിത്രയുടെയും എസ്.ലേഖയുടെയും വിവാഹം നാടിന്റെ ആഘോഷമായി മാറുകയായിരുന്നു.

കൊല്ലത്തെ മഹിളാ മന്ദിരത്തിൽ കഴിഞ്ഞു വരികയായിരുന്ന ഇരട്ട സഹോദരിമാരായ ലേഖയെ മൈനാഗപ്പള്ളി വേങ്ങ തൈവിള കിഴക്കതിൽ എസ്.ശ്യാമും ചിത്രയെ കുന്നത്തൂർ പുത്തനമ്പലം ശാന്തി ഭവനിൽ കപിൽരാജുമാണ് താലി ചാർത്തിയത്.പഞ്ചായത്ത് ആയൂർവേദ ഹാളിൽ നടന്ന വിവാഹത്തിന് രക്ഷിതാക്കളുടെ സ്ഥാനത്ത് നിന്ന് കൊല്ലം മേയർ പ്രസന്ന ഏണസ്റ്റും പടിഞ്ഞാറെ കല്ലട
പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണനും ചേർന്ന് വരണമാല്യം കൈമാറി.

കോവൂർ കുഞ്ഞുമോൻ എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റും ചേർന്ന് കരം പിടിപ്പിച്ചു.തുടർന്ന് വിവാഹത്തിന് എത്തിയവർക്കെല്ലാം വിഭവസമൃദ്ധമായ സദ്യയും വിളമ്പി.ലേഖയുടെ വരനായ ശ്യാം ഗൾഫിലാണ് ജോലി ചെയ്യുന്നത്.പിതാവിന്റെ വർക്ക്ഷോപ്പ് നോക്കി നടത്തുകയാണ് കപിൽരാജ് .
കൊല്ലം കോർപ്പറേഷൻ അധികൃതരാണ് യുവതികൾക്ക് അണിയാൻ സ്വർണാഭരണങ്ങൾ സമ്മാനമായി നൽകിയത്.നാട്ടുകാർ നൽകിയ സംഭാവനയിൽ വിവാഹത്തിന് ചെലവാകുന്ന തുക കഴിച്ച് ബാക്കി ലേഖയുടെയും ചിത്രയുടെയും പേരിൽ നിക്ഷേപിക്കാനാണ് അധികൃതരുടെ തീരുമാനം.