ഓച്ചിറ. പരബ്രഹ്മ ക്ഷേത്ര ഭരണ സംവിധാനത്തിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന സാമൂദായിക സംതുലിതാവസ്ഥയെ അട്ടിമറിക്കുവാനുള്ള ആസൂത്രിത ശ്രമങ്ങളെ ശക്തമായി നേരിടുമെന്ന് കായംകുളം ,കരുനാഗപ്പള്ളി എസ്.എൻ.ഡി.പി യൂണിയനുകൾ സംയുക്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രത്തിൽ നിലവിലുള്ള ബൈലോയിൽ പോലും ഈഴവ വിഭാഗത്തിന് നാൽപ്പത് ശതമാനം പ്രാതിനിത്യം ഉറപ്പ് വരുത്തിയിട്ടുള്ളതാണ്.
എന്നാൽ ക്ഷേത്രത്തിൽ ഇപ്പോഴുള്ള ഭരണസമിതിയെ കാലാവധി കഴിഞ്ഞെന്ന പേരിൽ പിരിച്ചുവിട്ട ശേഷം ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ടവരെ തെരെഞ്ഞ് പിടിച്ച് താൽക്കാലിക ഭരണം ഏൽപ്പിക്കുവാനുള്ള ഹീനമായ ശ്രമങ്ങളാണ് ചില കേന്ദ്രങ്ങളിൽ നടക്കുന്നത്. ഇതിന് ബഹു: കേരള ഹൈക്കോടതിയേപ്പോലും ഇത്തരക്കാർ തെറ്റിദ്ധരിപ്പിക്കുന്നു എന്നത് ഗൗരവമായി കാണേണ്ടതാണ്. ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ, അഡ്വക്കേറ്റ് കമ്മീഷണർ ,റിസീവർ എന്നിവർ നിലവിൽ തന്നെ ഒരേ സമുദായത്തിൽ പെട്ടവരാണ്.
ഇവരെ കൂടാതെ ഉപദേശക സമിതി എന്ന വ്യാജേന നിയമനം കാത്തു നിൽക്കുന്നവരും ഇവരുടെ തന്നെ സമുദായ അംഗങ്ങളാണെന്നത് ഗൂഡാലോചനയായി മാത്രമേ കണക്കാക്കുവാൻ കഴിയുകയുള്ളു. ക്ഷേത്ര ബൈലോ ഭേതഗതി കോടതിയുടെ പരിഗണനയിലിരിക്കെ ക്ഷേത്ര പ്രാതിനിത്യത്തിൽ നിന്നും ഈഴവ വിഭാഗത്തേ ഒഴിവാക്കി നിർത്തുവാനുള്ള ശ്രമം ആസൂത്രിതമാണ് .
വർണ്ണവിവേചനത്തിൻ്റെ ഇരുണ്ട കാലഘട്ടത്തിപ്പോലും അധസ്ഥിതന് ആരാധനാ സ്വാതന്ത്ര്യമുണ്ടായിരുന്ന ഓച്ചിറയിൽ നിന്നും ഈഴവ വിഭാഗത്തേ തീണ്ടാപ്പാടകലെ നിർത്തുവാൻ ശ്രമമുണ്ടായാൽ ശക്തമായ പ്രക്ഷോപ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.കയംകുളം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡൻറ് വി.ചന്ദ്രദാസ്, സെക്രട്ടറി എൽ.പ്രദീപ് ലാൽ ,കൗൺസിലർ വിഷ്ണുപ്രസാദ്, കരുനാഗപ്പള്ളി യൂണിയനെ പ്രതിനിധീകരിച്ച് ശാഖാ പ്രസിഡൻ്റ് ദിലീപ് കുറുങ്ങപ്പള്ളി, സെക്രട്ടറി ഉദയൻ ഉദയപുരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.