നമ്മുടെ വിജ്ഞാനത്തെ ഹിന്ദുത്വത്തിന്റെ വിജ്ഞാന നിലവാരത്തിലേക്ക് താഴ്ത്തുന്നു: സുനിൽ പി ഇളയിടം

Advertisement

കരുനാഗപ്പള്ളി . നമ്മുടെ വിജ്ഞാനത്തെ ഹിന്ദുത്വത്തിന്റെ വിജ്ഞാന നിലവാരത്തിലേക്ക് താഴ്ത്തുകയാണ് വാസ്തവത്തിൽ ഇന്ന് ഇന്ത്യയിൽ ഹിന്ദുത്വ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി ഇളയിടം പറഞ്ഞു. എ പി കളയ്ക്കാട് സ്മാരക സാഹിത്യ പുരസ്കാരം ഏറ്റുവാങ്ങി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചരിത്രം എന്നാൽ ഭൂതകാലത്തെ കുറിച്ചുള്ള കെട്ടുകഥകളും വർഗീയതയെ ഉറപ്പിച്ചു നിർത്തിയ അനുഭവങ്ങളും ചേർത്ത് അതാണ് ചരിത്രമെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു. പല പല വഴികളിലൂടെ ലയിച്ച് ചേർന്ന നമ്മുടെ സംസ്കാരത്തെ ഏക സംസ്കാരമാക്കി മാറ്റാനുള്ള പരിശ്രമങ്ങളാണ് നടക്കുന്നത്.

ജ്യോതിശാസ്ത്രത്തെ അട്ടിമറിച്ച് അവിടെ ജ്യോതിഷത്തെ സ്ഥാപിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. ആഴമുള്ള ചരിത്ര ബോധം ഫാസിസ്റ്റ് വൽക്കരണങ്ങൾക്കെതിരെയുള്ള പോരാട്ട മുഖം കൂടിയാണ്. ഇത്തരത്തിലുള്ള സാമൂഹ്യഘടനയെ സൃഷ്ടിച്ചെടുക്കാനാണ് എ പി കളയ്ക്കാടും ചെറുകാടും ഉൾപ്പെടെയുള്ള എഴുത്തുകാർ തങ്ങളുടെ രചനകളിൽ പോരാട്ടങ്ങളുടെയും പണിയെടുക്കുന്നവന്റെയും കഥകൾ കൂടിച്ചേർത്ത തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എ പി കളയ്ക്കാട് സാഹിത്യ പുരസ്കാരം ഡോ കെ പി മോഹനൻ സുനിൽ പി ഇളയിടത്തിന് കൈമാറി.സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ പ്രശസ്തിപത്രപാരായണവും ഡോ സി ഉണ്ണികൃഷ്ണൻ പുസ്തക പരിചയവും നടത്തി.

എ പി കളയ്ക്കാട് സ്മാരക ട്രസ്റ്റ് പ്രസിഡൻ്റ് പ്രൊഫ വി എൻ മുരളി അധ്യക്ഷനായി.വി പി ജയപ്രകാശ്മേനോൻ സ്വാഗതം പറഞ്ഞു.നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, എ ഗോകുലേന്ദ്രൻ, പി കെ ജയപ്രകാശ്, ബീനാ സജീവ്, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, പി ഇസസോർ, കെ രാജഗോപാൽപിള്ള ടി എൻ വിജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു. തുടർന്ന് സലാം പനച്ചുംമൂട് രചനയും സംവിധാനവും നിർവഹിച്ച ഷാജി ഇബ്രാഹിം അവതരിപ്പിച്ച ‘തിരസ്കൃതന്റെ സാക്ഷ്യപത്രം’ എന്ന ഏകപാത്ര നാടകവും അരങ്ങേറി.